മാർച്ച് 8 വനിതാദിനം
നിറങ്ങളില്ലാത്ത നാലു ചുമരുകളുടെ ലോകത്തിൽ ഒതുങ്ങിക്കൂടുക എന്നതല്ല സ്ത്രീ ജീവിതത്തിെൻറ അർഥം. അവയുടെ അർഥതലങ്ങൾ അനവധിയാണ് . അവൾ നിങ്ങളുടെ അമ്മയോ ഭാര്യയോ സഹോദരിയോ കാമുകിയോ സുഹൃത്തോ ജീവിതത്തിലെപ്പോഴെങ്കിലും കണ്ട ഒരു അപരിചിതയോ ആയിരിക്കാം. എങ്കിലും, അവൾ കൊളുത്തിവെച്ച ദീപനാളം നിങ്ങളുടെ ജീവിതത്തിൽ എന്നും കെടാതെനിൽക്കുന്നതാകട്ടെ. എല്ലാ വർഷവും മാർച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനമായി നാം ആചരിച്ചുവരുന്നു. നമ്മുടെ സ്ത്രീകൾ, പെൺമക്കൾ, കുഞ്ഞുങ്ങൾ എന്നിവരുടെയെല്ലാം സുരക്ഷക്കായി നാം ഒത്തൊരുമിക്കേണ്ട കാലമായി എന്നാണു ഈ ദിവസം നമ്മോട് പറയുന്നത്. ഓരോ വർഷവും ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യമാണ് ലോകമാകെ അംഗീകരിക്കപ്പെടുന്നത്. "I am Generation Equality: Realizing Women’s Rights" എന്നതാണ് ഈ വർഷം വനിതാദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന ആശയം. ദേശങ്ങളുടെ അതിരുകൾക്കപ്പുറത്ത് അവളെ ബഹുമാനിക്കാനും അംഗീകരിക്കാനും തുല്യപങ്കാളിത്തം നൽകാനും ഇവയെക്കുറിച്ച് ഓർക്കാനും ഓർമപ്പെടുത്താനും ഉള്ളതാവട്ടെ ഓരോ വനിതാദിനവും.
വനിതാദിന ചരിത്രം
1908ൽ ന്യൂയോർക്ക് നഗരത്തിൽ ഒരുകൂട്ടം വനിതകൾ തങ്ങളുടെ അവകാശങ്ങൾക്കായി സമരം നടത്തി. ജോലിസമയം കുറയ്ക്കൽ, വേതന വർധന, വോട്ടവകാശം തുടങ്ങിയവക്കുവേണ്ടിയായിരുന്നു ആ സമരം. സ്ത്രീ പോരാട്ടങ്ങളുടെ ആദ്യ ചുവടുവെപ്പായിരുന്നു അത്. 1910ൽ ജർമനിയിലെ കോപൻഹേഗനിൽ നടന്ന അന്താരാഷ്ട്ര വനിത സമ്മേളനത്തിൽ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് നേതാവായിരുന്ന ക്ലാര ബറ്റ്കിൻ എന്ന വനിത മുന്നോട്ടുവെച്ച ആശയമാണ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ പ്രേരണയായത്. സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുകയും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ രാജ്യങ്ങളിലും ദിനാചരണങ്ങൾ വേണമെന്നായിരുന്നു ക്ലാരയുടെ നിർദേശം. 1975 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.
സ്ത്രീസുരക്ഷ വർഷം
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷക്കായി കേരള പൊലീസ് പുത്തൻ പദ്ധതികൾ കൊണ്ടു വരുന്നു. അതിലൊന്നാണ് 2020 സ്ത്രീ സുരക്ഷാവർഷമായി ആചരിക്കുക എന്നത്. പദ്ധതിയുടെ ഭാഗമായി പട്രോളിങ് സംഘത്തിൽ വനിത പൊലീസുകാരുമുണ്ടാകും. പഞ്ചായത്തുകൾ സന്ദർശിച്ച് പരാതി സ്വീകരിക്കുക, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി സ്വയം പ്രതിരോധ പരിശീലനം നൽകുക എന്നിവയെല്ലാം പദ്ധതികളുടെ ഭാഗമാണ്.
കേരള വനിത കമീഷൻ
കേരളത്തിലെ സ്ത്രീകളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അവരെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി 1990ലെ വനിത കമീഷൻ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് സംസ്ഥാനത്ത് വനിത കമീഷൻ രൂപവത്കരിച്ചത്. അന്നത്തെ സാമൂഹികക്ഷേമ മന്ത്രി കെ.ആർ ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി എന്നിവരുടെ നിയമോപദേശത്തോടെ വിവിധ വനിത സംഘടനകളുടെ നിർദേശങ്ങൾ അംഗീകരിച്ചായിരുന്നു വനിത കമീഷെൻറ ബിൽ തയാറാക്കിയത്. ആ വർഷം തന്നെ രാഷ്്ട്രപതിയുടെ അനുമതിക്ക് അയച്ചെങ്കിലും അംഗീകാരത്തിനായി അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നു. 1995 സെപ്റ്റംബർ 15നാണ് കേരള വനിത കമീഷൻ നിയമം പാസായത്. കമീഷൻ അധ്യക്ഷക്ക് കാബിനറ്റ് മന്ത്രിയുടെ പദവിയും അംഗങ്ങൾക്ക് ഡെപ്യൂട്ടി സ്പീക്കറുടെ പദവിയുമുണ്ട്. 1992 ലാണ് ദേശീയ വനിത കമീഷൻ നിലവിൽവന്നത്.
സ്ത്രീസംരക്ഷണത്തിന് ‘നിർഭയ’
സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ ചെറുക്കാനായി ഇന്ത്യയിൽ രൂപംകൊണ്ട പദ്ധതിയാണ് നിർഭയ. സംസ്ഥാന മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വനിത ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡൽ ഏജൻസി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, കുടുംബശ്രീ, സർക്കാറിതര സന്നദ്ധസംഘടനകൾ, ജനമൈത്രി പൊലീസ് എന്നിവയുടെ സഹായത്തോടെ ലൈംഗിക അതിക്രമങ്ങൾ തടയൽ, അതിക്രമത്തിനിരയായവരെ രക്ഷപ്പെടുത്തൽ, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിർഭയയുടെ പ്രധാന പ്രവർത്തനങ്ങൾ.
വനിത ഹെല്‍പ്പ് ലൈന്‍: 1091 ചൈല്‍ഡ് ലൈന്‍:1098
മിത്ര പദ്ധതി
സ്ത്രീ സുരക്ഷക്കായി വനിത വികസന കോർപറേഷൻ നടപ്പാക്കുന്ന ടോൾഫ്രീ ഹെൽപ് ലൈന്‍ പദ്ധതിയാണ് മിത്ര 181. സംസ്ഥാനത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏതുസമയത്തും ഈ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാം. സംസ്ഥാനത്തിെൻറ എവിടെനിന്നും ലാൻഡ് ഫോൺ വഴിയോ മൊബൈൽ വഴിയോ സൗജന്യമായി വിളിച്ച് സഹായങ്ങൾ ആവശ്യപ്പെടാൻ കഴിയും എന്നതാണ് ഇതിെൻറ പ്രത്യേകത.
നാം മുന്നോട്ട്
ഇന്ത്യയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ്. 1973 ഒക്ടോബർ 27 നാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. ഉദ്ഘാടനം കാണാൻ എത്തിയവരുടെ തിരക്കിൽ കാണാതായ മൂന്നു കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു ആദ്യ ഡ്യൂട്ടി. ലോക വനിത ദിനാചരണത്തിെൻറ ഭാഗമായി രാജ്യത്തെ വനിതകൾ മാത്രമുള്ള ആദ്യ പോസ്റ്റ് ഓഫിസ് 2013 മാർച്ച് എട്ടിന് ന്യൂഡൽഹിയിൽ ആരംഭിച്ചു. കേരളത്തിലെ ആദ്യ വനിത പോസ്റ്റ്ഓഫിസ് 2013 ജൂലൈയിൽ തിരുവനന്തപുരത്താണ് ആരംഭിച്ചത്. 2013 ൽ അന്നത്തെ കേന്ദ്ര സർക്കാർ ആരംഭിച്ച സമ്പൂർണ വനിത ബാങ്കായിരുന്നു ഭാരതീയ മഹിള ബാങ്ക്. ഉഷ അനന്തസുബ്രഹ്മണ്യം ആയിരുന്നു ബാങ്കിെൻറ ചെയർപേഴ്‌സനും മാനേജിങ് ഡയറക്ടറും.
സ്ത്രീസുരക്ഷ
ഇന്ത്യൻ ഭരണഘടന പൊതുവിൽ നൽകുന്ന പരിരക്ഷ കൂടാതെ സ്ത്രീകളുടെ സുരക്ഷക്കായി പ്രത്യേക നിയമങ്ങൾ പാസാക്കി നടപ്പാക്കുന്നുണ്ട്. സ്ത്രീധന നിരോധന നിയമം അവയിൽ പ്രധാനമാണ്. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ പതിനയ്യായിരം രൂപ പിഴയോ ലഭിക്കുന്ന കുറ്റകൃത്യമാണിത്. 1997 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴിലിടങ്ങളിൽ സ്ത്രീകളനുഭവിക്കുന്ന അതിക്രമങ്ങൾ തടയാനുള്ളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള മാർഗരേഖകൾ തൊഴിൽ സ്ഥാപനങ്ങൾ വിജ്ഞാപനം ചെയ്തിരിക്കണം. മേലുദ്യോഗസ്ഥരിൽനിന്നുള്ള അതിക്രമങ്ങൾ മോശമായ രീതിയിലുള്ള നോട്ടം, സ്‌പർശം, വാക്ക് തുടങ്ങിയവയിൽനിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ ഈ നിയമത്തിലൂടെ സാധിക്കും. ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ് 2005ലെ ഗാർഹിക പീഡന നിയമം. ഇതുപ്രകാരം വീടിനുള്ളിൽ സ്ത്രീകൾ നേരിടുന്ന ഏതുതരം അതിക്രമത്തിനെതിരെയും കോടതിയെ സമീപിക്കാം. കോളജിലും ബസ് സ്റ്റോപ്പിലുമെല്ലാം സാധാരണയായി കണ്ടുവരുന്ന പൂവാലന്മാരുടെ ശല്യം തടയാനും ഇവിടെ നിയമമുണ്ട്. ഇത്തരക്കാർക്ക് മൂന്നുമാസം വരെ ജയിൽശിക്ഷ നൽകാൻ നിയമം അനുശാസിക്കുന്നു.
ഇന്ത്യയിലെ ആദ്യ വനിതകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.