ശാസ്ത്രവും 10 വനിതകളും

ഫെബ്രുവരി 28 ദേശീയ ശാസ്​ത്രദിനം 

മനുഷ്യ​െൻറ ജീവിത സാഹചര്യങ്ങളെ ഇന്ന് കാണുംവിധം വിസ്മയകരമായ രീതിയിൽ മാറ്റിയെടുത്തതിൽ ശാസ്ത്രത്തിന് നിർണായകമായ പങ്കുണ്ട്. ആധുനിക വൈദ്യശാസ്ത്ര രീതികളിലൂടെ ആരോഗ്യരംഗത്ത് വളർച്ച കൈവരിക്കാനും സൗരയൂഥത്തിലെ അനന്തതയിലേക്ക് ബഹിരാകാശ പേടകങ്ങളെത്തിക്കാനും അകലങ്ങളിലുള്ളവരെ അടുത്തു കണ്ട് സംസാരിക്കാനും നമ്മെ സഹായിച്ചത് ശാസ്ത്ര വളർച്ചതന്നെയാണ്. പ്രഗത്ഭ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി. രാമൻ അദ്ദേഹത്തെ നൊ​േബൽ സമ്മാനത്തിനർഹനാക്കിയ രാമൻ പ്രഭാവം എന്ന ശാസ്ത്ര തത്വം കണ്ടുപിടിച്ചത് ഫെബ്രുവരി 28നാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി നാം ആചരിച്ചുവരുന്നു. ‘ശാസ്ത്രത്തിലെ വനിതകൾ’ എന്നതാണ് ഈ വർഷത്തെ ശാസ്ത്രദിനത്തി​െൻറ മുഖവാചകം. ശാസ്ത്രലോകത്ത് മികവ് തെളിയിച്ച വനിതകൾക്ക് ശാസ്ത്ര പ്രവർത്തനങ്ങളിൽ കൂടുതൽ പ്രചോദനം നൽകുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. ശാസ്ത്രലോകത്ത് നിർണായക സ്വാധീനം ചെലുത്തിയ വനിതകളുടെ വിശേഷങ്ങളാവട്ടെ ഇത്തവണ. 

ഹൈപ്പേഷ്യ 
ഹൈഡ്രോമീറ്റർ നിർമിക്കുകയും ഗണിത ജ്യോതിശാസ്ത്ര മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകുകയും ചെയ്ത വനിതയാണ് AD  350-415  കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹൈപ്പേഷ്യ. പുരുഷാധിപത്യം നിറഞ്ഞുനിന്നിരുന്ന ആ കാലത്ത് ആൺ വേഷം ധരിച്ചായിരുന്നു അവർ അധ്യാപനം നടത്തിയിരുന്നത്. സമകാലിക രാഷ്​ട്രീയത്തിലും സമൂഹത്തിലും സജീവമായി ഇടപെട്ടിരുന്ന അവരെ മായാജാലക്കാരിയും ദുർനടത്തക്കാരിയുമായി ചിത്രീകരിച്ച് വിവസ്ത്രയാക്കി അപമാനിക്കുകയും ദാരുണമായി വധിക്കുകയുമാണുണ്ടായത്.

അസിമ ചാറ്റർജി 
പെൺകുട്ടികൾ ശാസ്ത്രം പഠിക്കുന്നത് സമൂഹത്തിനു ചിന്തിക്കാൻപോലും പറ്റാതിരുന്ന കാലത്താണ് അസിമ ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയത്. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ഇഷ്​ട വിഷയം. ഔഷധ ഗുണമുള്ള സസ്യങ്ങളിലെ രാസപദാർഥങ്ങൾ വേർതിരിച്ചെടുക്കാനും വികസിപ്പിച്ചെടുക്കാനും അസിമക്ക് സാധിച്ചു. അപസ്മാരത്തിനും മലേറിയക്കും ഫലപ്രദമായ ഔഷധങ്ങൾ അവർ വികസിപ്പിച്ചെടുത്തു. കീമോ തെറാപ്പിക്കായി വ്യാപകമായി ഉപയോഗിക്കുന്ന വിൻകോ ആൽക്കലോയിഡുകളുടെ കണ്ടുപിടിത്തത്തോടെ അസിമയെ ലോകം ബഹുമാനിച്ചു തുടങ്ങി. 

മേരി ക്യൂറി 
ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലക്ഷ്യത്തിലെത്തും വരെ പ്രയത്നിച്ച വ്യക്തിയാണ് മേരി ക്യൂറി. 1903ൽ ഭർത്താവ് പിയറി ക്യൂറിക്കൊപ്പം ഊർജതന്ത്രത്തിൽ നൊ​േബൽ സമ്മാനിതയായ അവരെ തേടി 1911ൽ നൊ​േബൽ സമ്മാനം വീണ്ടുമെത്തി. പൊളോണിയം, റേഡിയം എന്നിങ്ങനെ രണ്ടു മൂലകങ്ങൾ കണ്ടെത്തിയതിനായിരുന്നു അത്. ഇത്തവണ രസതന്ത്രത്തിനായിരുന്നു പുരസ്‌കാരം. റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ നിരന്തര സമ്പർക്കത്തിലായിരുന്ന മേരി ക്യൂറി 1934ൽ ലുക്കീമിയ ബാധിതയായാണ് മരിച്ചത്.

ഋതു കൃതാൽ
ചന്ദ്രയാൻ2െൻറ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളാണ് ഋതു. 1997ലാണ് ഋതു ഐ.എസ്.ആർ.ഒ യിലെത്തുന്നത്. ലഖ്​നോ സർവകലാശാലയിൽനിന്ന് ബിരുദവും ബംഗളൂരു ഐ.ഐ.എസ്.സി.യിൽനിന്ന് എയ്‌റോസ്‌പേസിൽ ബിരുദാനന്തര ബിരുദവും നേടിയ അവർ 2013ലെ മംഗൾയാൻ പദ്ധതിയുടെ ഡെപ്യൂട്ടി ഓപറേഷൻ ഡയറക്ടറുമായിരുന്നു. 2007ൽ യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരവും അവർ നേടിയിട്ടുണ്ട്.

മുത്തയ്യ വനിത 
രണ്ടാം ചാന്ദ്ര ദൗത്യത്തിൽ തിളങ്ങിനിന്ന മറ്റൊരു പേരാണ് മുത്തയ്യ വനിതയുടേത്. ഐ.എസ്.ആർ.ഒയിലെ ആദ്യ വനിത പ്രോജക്ട് ഡയറക്ടറാണ് അവർ. കാർട്ടോസാറ്റ്1, ഓഷ്യൻസാറ്റ്2 എന്നിവയുടെ പ്രോജക്ട് ഡയറക്ടറുമായിരുന്നു. 2006ൽ മികച്ച ശാസ്ത്രജ്ഞക്കുള്ള അസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരം ലഭിച്ചു. 

ബാർബറ മക്ലിൻടോക്ക് 
1983ൽ വൈദ്യശാസ്ത്രത്തിനുള്ള നൊ​േബൽ സമ്മാനം നേടിയ ബാർബറ അമേരിക്കൻ ശാസ്ത്രജ്ഞയും സൈറ്റോജെനെറ്റിസിസ്​റ്റുമായിരുന്നു. ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുള്ള വിശദമായ പഠനമായിരുന്നു അവരുടെ ഗവേഷണ മേഖല. ചോളത്തിലെ സൈറ്റോജനറ്റിക്സി​െൻറ വളർച്ചക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ബാർബറ ത​െൻറ ഗവേഷണം ആരംഭിക്കുന്നത്. 1920  മുതൽ അവർ ക്രോമസോമുകളെക്കുറിച്ച് പഠിക്കാനാരംഭിച്ചു. ചോളത്തി​െൻറ പ്രത്യുൽപാദനത്തിനിടയിൽ ക്രോമസോമുകൾക്ക് എങ്ങനെ മാറ്റം വരുന്നു എന്നതായിരുന്നു വിഷയം. ഈ മേഖലയിൽ അവർ മികച്ച അംഗീകാരം നേടുകയും ലോകത്തി​െൻറ അഭിമാനമാവുകയും ചെയ്തു. 

ഇ.കെ. ജാനകി അമ്മാൾ 
ശാസ്ത്ര വിഷയത്തിൽ രാജ്യത്ത് ആദ്യമായി ഡോക്ടറേറ്റ് നേടിയ മലയാളി വനിതയും പ്രമുഖ സസ്യശാസ്ത്രജ്ഞയുമാണ് ജാനകി അമ്മാൾ. സസ്യശാസ്ത്രജ്ഞനായിരുന്ന സി.ഡി. ഡാർലിങ്സണുമായി ചേർന്ന് ജാനകി അമ്മാൾ രചിച്ച ‘ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാൻറ്​സ്​’ എന്ന പുസ്തകം സസ്യശാസ്ത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രിയപ്പെട്ടതാണ്. ഹിമാലയത്തിലെ സസ്യങ്ങളുടെ കോശവിഭജന പഠനത്തിലും ക്രോമസോം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അവർ സസ്യ പരിണാമത്തെ സംബന്ധിച്ച പല നിഗമനത്തിലും എത്തിച്ചേർന്നു. സസ്യശാസ്ത്രത്തിൽ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താൽപര്യമുണ്ടായിരുന്ന അവർ ഹിമാലയ പർവതനിരകളെക്കുറിച്ചും പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. തേയിലയിനത്തിൽപെട്ട മഗ്നോലിയ എന്ന ഒരിനം ചെടി ജാനകി അമ്മാളി​െൻറ സംഭാവനയാണ്. 

ശകുന്തള ദേവി 
ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവി ത​െൻറ ആറാം വയസ്സിലാണ് വേഗത്തിൽ കണക്കുകൂട്ടാനുള്ള കഴിവുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. 1977ൽ അമേരിക്കയിലെ ഡാളസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിൽ ഏർപ്പെട്ട അവർ 50 സെക്കൻഡ്​ കൊണ്ട് ഉത്തരം നൽകി ലോകശ്രദ്ധ നേടി. കണക്കിലെ ഈ മനുഷ്യ കമ്പ്യൂട്ടർ 1980 ജൂൺ 18  ലണ്ടനിലെ എംപീരിയൽ കോളജിലെ വിദ്യാർഥികളും പത്രക്കാരും ചേർന്ന് സംഘടിപ്പിച്ച ഒരു ചടങ്ങിൽ രണ്ട് പതിമൂന്നക്ക സംഖ്യകളുടെ ഗുണിതഫലങ്ങൾ 28 സെക്കൻഡ്​ കൊണ്ട് കണ്ടുപിടിച്ച്  ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു.

അന്ന മാണി 
ഫിസിക്സ് പഠിക്കാൻ മോഹിക്കുകയും നൊ​േബൽ ജേതാവ് സി.വി. രാമനു കീഴിൽ ഗവേഷണം നടത്തുകയും ഒടുവിൽ യാദൃച്ഛികമായി കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ മേഖലയിലെത്തുകയും ചെയ്‌ത വ്യക്തിയാണ് അന്ന മാണി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് കീഴിൽ വ്യത്യസ്ത വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന വിവിധ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന നൂറോളം ഉപകരണങ്ങൾ ഡിസൈൻ ചെയ്‌തു നിർമിച്ചത് അന്നയാണ്. വർഷമാപിനി, അന്തരീക്ഷ മർദം നിർണയിക്കാനുള്ള ബാരോമീറ്റർ, അന്തരീക്ഷ ഈർപ്പം അളക്കാനുള്ള ഈർപ്പമാപിനി, കാറ്റി​െൻറ വേഗവും മർദവും അറിയാനുള്ള ആനമോമീറ്റർ എന്നിങ്ങനെ നൂറോളം ഉപകരണങ്ങൾ അവർ നിർമിച്ചു.  ശാസ്ത്ര ഗവേഷണ രംഗം പുരുഷന്മാരുടെ കുത്തകയായിരുന്ന കാലത്ത് അന്ന വെട്ടിപ്പിടിച്ച ഉയരങ്ങൾ അതിശയിപ്പിക്കുന്നതാണ്. 

കമൽ രണദിവെ
അർബുദത്തെക്കുറിച്ച് ഗവേഷണം നടത്തുകയും അതിനെ അതിജീവിക്കാൻ സഹായകമായ നൂതന ചികിത്സാരീതികൾ കണ്ടുപിടിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് കമൽ. ഇന്ത്യൻ കാൻസർ റിസർച്ച് പ്രോജക്ടുകളിൽ പലതി​െൻറയും മേൽനോട്ടം വഹിച്ചത് കമൽ രണദിവെയാണ്. ഇന്ത്യയിലെ ആദ്യത്തെ ടിഷ്യു കൾച്ചർ ലാബ് സ്ഥാപിച്ചതും അവർ തന്നെ. സ്തനാർബുദത്തിന് പാരമ്പര്യവുമായുള്ള ബന്ധം സ്ഥാപിക്കുന്ന പഠനങ്ങൾ ആദ്യമായി ഇന്ത്യയിൽ നടത്തിയതും കമൽ തന്നെ. അവർ തുടങ്ങിയ ഇന്ത്യൻ വുമൺ സയൻറിസ്​റ്റ്​ അസോസിയേഷൻ രാജ്യത്തെ വനിത ശാസ്ത്രജ്ഞരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.