ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിലെ ഇഷ്ടിക ചൂളയിൽ നിന്ന് 14കാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കാണാതായി മണിക്കൂറുകൾക്ക് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കിട്ടിയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
പെൺകുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്നാണ് കുടുംബവും അയൽവാസികളും അന്വേഷണം തുടങ്ങിയത്. തെരച്ചിൽ രാത്രി മുഴുവൻ നീണ്ടു. ഒടുവിൽ വ്യാഴാഴ്ച പുലർച്ചെയോടെ പെൺകുട്ടിയുടെ വീടിനോട് ചേർന്ന ഇഷ്ടിക ചൂളയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. എല്ലുകളും വെള്ളിപ്പാദസരവും കത്തിത്തീർന്ന ഷൂസിന്റെ അവശിഷ്ടങ്ങളുമാണ് പൊലീസിന് ലഭിച്ചത്.
സംഭവത്തിൽ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ടപ്പോൾ നടപടിയെടുക്കാനായി കുട്ടിയുടെ ഐ.ഡി കാർഡോ ബെർത്ത് സർട്ടിഫിക്കറ്റോ വേണമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നു. ഇതിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഗ്രാമീണർ ആവശ്യപ്പെട്ടു. രാജസ്ഥാനിൽ ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ വർധിക്കുമ്പോഴും നടപടിയെടുക്കാത്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.