ബംഗളൂരു: പ്രണയം നടിച്ച് സ്ത്രീകളെ വിവാഹം ചെയ്ത ശേഷം പണവും സ്വർണവുമായി മുങ്ങുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബനശങ്കരി സ്വദേശിയായ മഹേഷ് എന്ന യുവാവാണ് പൊലീസിന്‍റെ പിടിയിലായത്. പതിനഞ്ചോളം സ്ത്രീകളെയാണ് മഹേഷ് ഇതുവരെ വിവാഹം ചെയ്തിരിക്കുന്നത്. പലയിടത്തും പല മേൽവിലാസങ്ങളുപയോഗിച്ചായിരുന്നു പ്രതി സ്ത്രീകളെ സമീപിച്ചിരുന്നത്.
ഡോക്ടർ, എഞ്ചിനിയർ തുടങ്ങി വിവിധ ഐഡന്‍റിറ്റികൾ ഉപയോഗിച്ച് സ്ത്രീകളെ പരിചയപ്പെട്ട ശേഷം പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിക്കുകയായിരുന്നു മഹേഷിന്‍റെ രീതി. വിവാഹം കഴിയുന്നതോടെ പങ്കാളിയിൽ നിന്നും സ്വർണവും പണവും തട്ടിയ ശേഷം കടന്നുകളയുകയായിരുന്നു പതിവ്.
ഇത്തരത്തിൽ വിവാഹം ചെയ്ത് വഞ്ചിക്കപ്പെട്ട കർണാടക സ്വദേശിനി ഹേമലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെതിരെ പൊലീസ് കേസെടുത്തത്. മാട്രിമോണിയൽ സൈറ്റിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. സൈറ്റിൽ ഡോക്ടർ എന്നായിരുന്നു മഹേഷ് തന്നെ വിശേഷിപ്പിച്ചിരുന്നത്. 2023 ജനുവരി ഒന്നിനായിരുന്നു ഹേമലതയും മഹേഷും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഹേമലതയുടെ പണവും സ്വർണവും കൈക്കലാക്കിയ മഹേഷ് ഒളിവിൽ പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹേമലത കുവെംപുനഗർ പൊലീസിൽ പരാതിപ്പെടുന്നത്.
പ്രാഥമിക അന്വേഷണത്തിൽ മഹേഷ് സംസ്ഥാനത്തിന് പുറത്തും പല സ്ത്രീകളെയും വിവാഹം ചെയ്ത് കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഹേമലതയുടെ പരാതിക്ക് പിന്നാലെ ബംഗളൂരു സ്വദേശിനിയായ ദിവ്യ എന്ന സ്ത്രീയും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.