കോട്ടക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി വീട്ടിൽ പ്രസവിച്ചു. കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന ഈ സംഭവം. പീഡനത്തിനിരയാക്കിയ 22 വയസ്സുള്ള യുവാവിനെ പോക്സോ കേസിൽ കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ. ഷാജി അറസ്റ്റ് ചെയ്തു. ഒക്ടോബർ 20നാണ് പ്രസവിച്ചതെന്ന് പ്ലസ് ടു വിദ്യാർഥിനി കൂടിയായ പെൺകുട്ടി പൊലീസിന് മൊഴി നൽകി. കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ നിന്ന് തന്നെ സ്വയം പൊക്കിൾക്കൊടി അറുത്തുമാറ്റുകയായിരുന്നു. യു ട്യൂബ് നോക്കിയാണ് പ്രസവവും പൊക്കിൾക്കൊടി മുറിക്കലും പഠിച്ചതെന്നും വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. ഗർഭകാലത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പ്രസവശേഷം മൂന്ന് ദിവസം കഴിഞ്ഞ് അണുബാധയുണ്ടായതോടെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പുറത്തറിഞ്ഞത്.
വയസ്സിലും മറ്റും വൈരുധ്യം വന്നതോടെ ആശുപത്രി അധികൃതർ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി ചൈൽഡ് ലൈൻ അധികൃതർക്ക് മൊഴി നൽകി.
പെൺകുട്ടിയുടേത് നിർധനകുടുംബമാണ്. ഇത്രയും ദിവസം സംഭവം മറച്ചുവെച്ച രക്ഷിതാക്കൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെയും കുഞ്ഞിെൻറയും ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.