ന്യൂഡൽഹി: ഐ.പി.എസുകാരൻ ചമഞ്ഞ് പൊലീസ് സ്റ്റേഷന് സമീപത്ത് കറങ്ങിയ 18കാരനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. സിക്കന്ദപുര പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
മിതലേഷ് മാജി എന്ന 18കാരനാണ് അറസ്റ്റിലായത്. രണ്ട് ലക്ഷത്തോളം രൂപ നൽകി മനോജ് സിങ് ഖൈര എന്നയാളിൽ നിന്നാണ് താൻ യൂണിഫോം വാങ്ങിയതെന്ന് മിതലേഷ് മാജി സമ്മതിച്ചിട്ടുണ്ട്. ഐ.പി.എസ് യൂണിഫോമുമിട്ട് ഒരാൾ കറങ്ങി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സതീഷ് സുമൻ പറഞ്ഞു. സിക്കന്ദര പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ സംഘാംഗങ്ങളേയും പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് മനോജ് സിങ് എന്നയാൾ തന്റെ കൈയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ വാങ്ങി. ഒരു മാസം മുമ്പാണ് പണം നൽകിയത്. അയാൾ തനിക്ക് യൂണിഫോമും തോക്കും നൽകിയെന്നും തുടർന്ന് താൻ നാട്ടിൽ വന്ന് അമ്മയോട് ഐ.പി.എസുകാരനായെന്ന് പറയുകയും ചെയ്തുവെന്ന് മിതലേഷ് മാജി പറഞ്ഞു.
പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ ഐ.പി.എസ് യൂനിഫോമിൽ സ്വതന്ത്രനായി വിഹരിക്കുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ രസകരമായി സാറെന്ന് വിളിച്ച് സ്റ്റേഷനിലേക്ക് പൊലീസുകാർ കൊണ്ടു പോകുന്നതിന്റെ വിഡിയോയും വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.