ബംഗളൂരു: ബംഗളൂരു നഗരത്തിൽ പാർക്കിലിരുന്ന 19 കാരിയെ തട്ടിക്കൊണ്ടുപോയി നാലുമണിക്കൂറോളം ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു.
സംഭവത്തിൽ കോറമംഗലയിൽനിന്നുള്ള സതീശ്, വിജയ്, ശ്രീധർ, കിരൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ഓഫിസ് ബോയ് മാരായും മറ്റും ജോലിചെയ്യുന്ന 22നും 26നും ഇടയിൽ പ്രായമുള്ളവരാണിവർ. മാർച്ച് 25ന് നഗരത്തിലെ കോറമംഗലക്കടുത്ത നാഷനൽ ഗെയിംസ് വില്ലേജ് (എൻ.ജി.വി) പാർക്കിൽ രാത്രി 9.30ഓടെയായിരുന്നു സംഭവം. ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. ഇവർ പുകവലിക്കുന്നതും മറ്റും ചോദ്യം ചെയ്ത് എത്തിയയാളുമായി പെൺകുട്ടിയും ആൺസുഹൃത്തും വാക്കേറ്റമുണ്ടായി. ഇയാൾ സ്ഥലം വിട്ടെങ്കിലും രണ്ട് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും മടങ്ങിയെത്തി. അപ്പോഴേക്കും പെൺകുട്ടിയുടെ സുഹൃത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. തനിച്ചിരിക്കുന്ന പെൺകുട്ടിയും സംഘവുമായി വീണ്ടും തർക്കമുണ്ടായി.
ഈ സമയം സംഘത്തിലെ മറ്റൊരാൾ കാറുമായി എത്തുകയും പെൺകുട്ടിയെ വലിച്ചുകയറ്റി കൊണ്ടുപോയി 11 മണി മുതൽ പുലർച്ചെ 3.30 വരെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 3.30ഓടെ ഈജിപുരയിലേക്ക് മടങ്ങിയ സംഘം പെൺകുട്ടിയെ റോഡരികിൽ ഇറക്കിവിട്ടു. പിന്നീട് മാതാവിന്റെയും സുഹൃത്തുക്കളുടേയും സഹായത്താൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് കോറമംഗല പൊലീസിൽ പരാതി നൽകിയത്. രണ്ട് പ്രത്യേകസംഘം നടത്തിയ തെരച്ചിലിൽ ഒമ്പത് മണിക്കൂറുകൾകൊണ്ട് പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ (സൗത്ത് ഈസ്റ്റ്) സി.കെ. ബാബ പറഞ്ഞു. തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടികൾ നടക്കാനുള്ളതിനാൽ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ പെൺകുട്ടിയുടെ ആൺസുഹൃത്തിന് അറിയാമായിരുന്നുവെന്നും ഇവരെല്ലാം ഒരു പ്രദേശത്താണ് താമസമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ് ഇയാൾ പ്രതികളെ വിളിച്ചിരുന്നതായും എന്നാൽ, കുറ്റകൃത്യത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.