ചങ്ങനാശ്ശേരി: 20 ലക്ഷം രൂപ വിലവരുന്ന നിരോധിത ലഹരി ഉല്പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലിപ് എന്നിവയുടെ വന്‍ശേഖരം ചങ്ങനാശ്ശേരി പൊലീസ് പിടികൂടി. ജില്ലയില്‍ സമീപകാലത്ത് നടന്ന വലിയ ഹാന്‍സ് വേട്ടയാണ് ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ നടന്നത്. ഫാത്തിമാപുരം പുതുപ്പറമ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മുഹമ്മദ് സഹീറിന്റെ (40) വീട്ടില്‍നിന്നാണ് ഇവ പിടികൂടിയത്. ഹാന്‍സ് കടത്തിയ ലോറി പിടിച്ചെടുത്തു.
ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്തു പുത്തന്‍പീടിക വീട്ടില്‍ മുഹമ്മദ് സാനിദ് (23), തിരുവല്ല കാവുംഭാഗം ആലന്തുരുത്തി പോസ്റ്റലതിര്‍ത്തിയില്‍ വേങ്ങഭാഗത്ത് കോതക്കാട്ട് ചിറ വീട്ടില്‍ രതീഷ് കുമാര്‍ (33) എന്നിവരെ പൊലീസ് പിടികൂടി. വീട് വാടകക്കെടുത്ത് ഹാന്‍സ് കച്ചവടം നടത്തിവന്നിരുന്ന മുഹമ്മദ് സഹീറും ലോറി ഉടമയായ സഹീറിന്റെ ഭാര്യ ദേവിക എ. നായരും വിവരമറിഞ്ഞ് ഒളിവില്‍ പോയി.
ഇവരെ ഉടൻ പിടികൂടുമെന്ന് ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വര്‍ഗീസ് അറിയിച്ചു. ചങ്ങനാശ്ശേരിയിലും പരിസരത്തും ലഹരി വസ്തുക്കളുടെ ശേഖരണവും വില്പനയും അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ഊര്‍ജിതപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സി.ജി. സനില്‍കുമാറിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വർഗീസ്, എസ്.ഐ പ്രസാദ് ആര്. നായര്‍, എ.എസ്.ഐ ഷിനോജ്, സിജു കെ. സൈമണ്‍, രഞ്ജീവ് ദാസ്, സി.പി.ഒമാരായ മുഹമ്മദ് ഷാം, തോമസ് സ്റ്റാന്‍ലി, അതുല്‍ കെ. മുരളി, ഡാന്‍സാഫ് അംഗങ്ങളായ സി.പി.ഒ അരുണ്‍, അജയകുമാര്‍ എന്നിരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.