തിരുവല്ല: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന 30കാരിയുടെ പരാതിയിൽ 24കാരൻ അറസ്റ്റിൽ. കന്യാകുമാരി മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരിൽനിന്ന് ജോലിക്കായി മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻദാസ് രണ്ട് വർഷം മുമ്പ് ഭർതൃമതിയായ കവിയൂർ സ്വദേശിനിയുമായി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിച്ചു. ഇതിനിടെ പലപ്പോഴായി 10 ലക്ഷത്തോളം രൂപയും കൈകലാക്കി.
അർബുദ രോഗിയും അടുത്ത സുഹൃത്തുമായ പെൺകുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്ന് പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരന്തര പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻ ദാസിന്റെ ഭീഷണിയും അസഹനീയമായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കവിയൂരിലെ വാടകവീട്ടിൽനിന്ന് സജിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.