തൃശൂർ: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കുറ്റുമുക്ക് സ്വദേശിയിൽനിന്ന് 31,97,500 രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപറമ്പ് പാറമേൽ വീട്ടിൽ യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പൻ പലത്തിങ്കൾ വീട്ടിൽ പി. നാഫിഹ് (20) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്.എം.സി ഗ്ലോബൽ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഓൺലൈൻ ട്രേഡിലൂടെ ഇരട്ടി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ട്രേഡിങ്ങിനെ കുറിച്ചും ലാഭത്തെ കുറിച്ചും കൂടുതൽ അറിയാൻ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാക്കുകയും ചെയ്തു. ഗ്രൂപ്പ് അംഗങ്ങളുടെ ലാഭത്തെക്കുറിച്ചും ട്രേഡിങ്ങിനെ കുറിച്ചുമുള്ള വിവരങ്ങൾ കണ്ട് വിശ്വസിച്ച പരാതിക്കാരൻ കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 11 ഘട്ടങ്ങളിലായാണ് പണം കൈമാറിയത്. അതിന് ശേഷം കൂടുതൽ വിശ്വാസം നേടിയെടുക്കാൻ കമ്പനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000 രൂപ തിരികെ നൽകുകയും ചെയ്തു. പിന്നീട് ലാഭവിഹിതം കിട്ടാതെയും അയച്ച തുക തിരികെ ലഭിക്കാതെയുമായപ്പോൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എസ്. സുനിൽകുമാർ, സബ് ഇൻസ്പെ്കടർ കെ. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.എസ്. ഷിനിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.