പൊന്നാനി: പൊന്നാനി ഹാർബർ പ്രദേശത്തുനിന്ന് ആറുകോടിയുടെ മണൽ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ. 30,000 ടൺ മണൽ എവിടെപ്പോയി എന്നതിന് തെളിവോ രേഖയോ ഇവരുടെ കൈയിലില്ല. രേഖകളിൽ കാണുന്ന ആറുകോടിയുടെ മണൽ എവിടെപ്പോയി എന്നതിന് കൃത്യമായ ഉത്തരവുമില്ല. 2018ൽ നടന്ന ഖനനത്തിെൻറ ഭാഗമായി എടുത്ത മണലാണ് നഷ്ടപ്പെട്ടത്. ഖനനം ചെയ്ത മണൽ അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഖനനത്തിനു മുമ്പും ശേഷവും ഹാർബറിലെ മണൽ ശേഖരത്തിൽ വർധനയുണ്ടായില്ലെന്നും കാണിച്ച് പോർട്ട് കൺസർവേറ്റർ കോഴിക്കോട് പോർട്ട് ഓഫിസർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് വൻ മണൽക്കൊള്ള പുറത്തായത്. പൊന്നാനി ഹാർബർ പ്രദേശത്ത് 2018 സെപ്റ്റംബറിൽ നടന്ന മെക്കാനിക്കൽ ഡ്രഡ്ജിങ്ങിെൻറ ഭാഗമായി പുറത്തെടുത്ത മണലാണ് അപ്രത്യക്ഷമായത്. ഹാർബർ പ്രദേശത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗത്തുനിന്ന് മൂന്നര മീറ്ററോളം ആഴത്തിൽ മണലെടുത്തിരുന്നു.
കരാറുകാരൻ നൽകിയ ബിൽ പാസാക്കുന്നതിനു മുന്നോടിയായി പോർട്ട് കൺസർവേറ്റർ നടത്തിയ പരിശോധനയിലാണ് ഈ മണൽ ഹാർബർ പരിസരത്തില്ലെന്ന് മനസ്സിലായത്. 2010ൽ നടന്ന മണൽ ഖനനത്തിെൻറ ഭാഗമായി 60,000 ടൺ മണൽ ഹാർബർ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു. ഈ മണൽ ശേഖരത്തിെൻറ മുകളിലും ഹാർബറിെൻറ മറ്റു ഭാഗത്തുമായാണ് 2018ൽ നടന്ന ഖനനത്തിെൻറ ഭാഗമായി പുറത്തെടുത്ത മണൽ കൂട്ടിയിട്ടിരുന്നതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, ഹാർബറിലെ പഴയ മണൽ ശേഖരത്തിൽ ഒരു വർധനയും തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് പൊന്നാനി പോർട്ട് കൺസർവേറ്റർ പോർട്ട് ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.
മൂന്നു വർഷം മുമ്പ് നടന്ന ഡ്രഡ്ജിങ്ങിൽ പുറത്തെടുത്ത മണൽ എവിടെപ്പോയെന്ന ചോദ്യമാണ് ഉയരുന്നത്. വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് മണൽക്കൊള്ള നടന്നിട്ടുള്ളത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി വൻ തോക്കുകൾ ഇപ്പോഴും തിരശ്ശീലക്ക് പിറകിലാണ്.
'അന്വേഷണം നടത്തണം'
പൊന്നാനി: കോടികൾ വിലവരുന്ന ഖനനം ചെയ്ത മണൽ കാണാതായതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊന്നാനി തുറമുഖം ഓഫിസ് ഉപരോധിച്ചു. പൊന്നാനിയിൽ സ്ഥിരം പോർട്ട് കൺസർവേറ്ററെ നിയമിക്കാതെ മറ്റു രണ്ടു പോർട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പൊന്നാനി പോർട്ടിൽ നിയമിച്ചതിലും ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് മുസ്തഫ വടമുക്ക്, എ. പവിത്രകുമാർ, എം. അബ്ദുൽ ലത്തീഫ്, എൻ.പി. നബീൽ, കബീർ അഴീക്കൽ, കെ. മുരളീധരൻ, അലി കാസിം, സന്തോഷ് കടവനാട്, ആർ.വി. മുത്തു, എം. ഫസലു, ടി. രാജ്കുമാർ, കെ. വസുന്തരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.