ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, ഡോക്ടർക്കെതിരെ കേസ്

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. അജ്ജംപുരക്ക് സമീപം കെഞ്ചപുര ഗ്രാമത്തിലെ അശോകിന്‍റെ മകൻ സോനേഷ് ആണ് മരിച്ചത്. സംഭവത്തിൽ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ക്ലിനിക്കിയിലെ ഡോക്ടർ വരുണിനെതിരെ അജ്ജംപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

കടുത്ത പനിയെ തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ക്ലിനിക്കിൽ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോ. വരുൺ, പിൻഭാഗത്ത് ഇൻജെക്ഷൻ നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പ് ഉണ്ടായതോടെ കുട്ടിയെ ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കുട്ടി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം പരാതി നൽകിയത്.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വരുണിന്ആയുർവേദ ഡോക്ടർമാർക്ക് ലഭിക്കുന്ന ബി.എ.എം.എസ് ഡിഗ്രി മാത്രമേ ഉള്ളൂവെന്നും രോഗികൾക്ക് ഇൻജെക്ഷൻ നൽകാനുള്ള അനുമതിയില്ലെന്നും കണ്ടെത്തി. ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

സമാന രീതിയിൽ കർണാടകയിൽ മറ്റു പല കസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ജൂൺ അഞ്ചിന് അനസ്ത്യേഷ്യ ഓവർഡോസിന്‍റെ ഫലമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഏഴ് വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. ജൂലൈയിൽ ദേവനഗരെയിൽ സിസേറിയിനിടെ ജനനേന്ദ്രിയം മുറിഞ്ഞ് നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു. ആഗസ്റ്റിൽ 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ആശുപത്രിയും ഡോക്ടറും കുടുംബത്തിന് 10 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - 7-year-old boy dies of injection overdose, doctor booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.