തിരുവല്ല: ലഹരിയിൽ എക്സൈസ് ഓഫിസിൽ കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കവിയൂർ സ്വദേശിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ പേഴുംകാലായിൽ വീട്ടിൽ അനൂപാണ് (28) അറസ്റ്റിലായത്. കറ്റോട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എക്സൈസ് റേഞ്ച് ഓഫിസിൽ വ്യാഴാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
വൈകീട്ട് നാലോടെ അനൂപും സുഹൃത്ത് ജ്യോതിഷും അടങ്ങുന്ന സംഘം കറ്റോട് ഇടവനത്തറ കോളനിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായ വിവരം അറിഞ്ഞ് എക്സൈസ് സംഘം സ്ഥലത്തെത്തി. അനൂപും ജ്യോതിഷും ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
ഇരുവരിൽനിന്നും ലഹരിവസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സംഘം മടങ്ങി. ഇതിന് പിന്നാലെയാണ് അനൂപും ജ്യോതിഷും എക്സൈസ് ഓഫിസിലെത്തി വനിത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് എത്തുന്നതറിഞ്ഞ് ജ്യോതിഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞുവെച്ച അനൂപിനെ തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ജ്യോതിഷിന് എതിരെ കഞ്ചാവ് വിൽപന ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.