കൊല്ലം: പുത്തൂരിൽ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ വിചാരണക്ക് തുടക്കം. പുത്തൂർ കാരിക്കൽമുറി കൊല്ലരഴികത്ത് വീട്ടിൽ അമ്പിളി പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് മുമ്പാകെ വിചാരണ തുടങ്ങിയത്. ആദ്യദിനത്തിൽ രണ്ട് സാക്ഷികളെ വിസ്തരിച്ചതിൽ ഒരാൾ കൂറുമാറി.
പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റും സംഭവസമയത്ത് വാർഡ് മെംബറുമായിരുന്ന വി. രാധാകൃഷ്ണൻ, അയൽക്കാരി രത്നമ്മ എന്നിവരെയാണ് വിസ്തരിച്ചത്. പൊലീസിനെ സംഭവം ആദ്യം അറിയിച്ചയാളായ വി. രാധാകൃഷ്ണൻ തന്റെ പഴയ മൊഴി ആവർത്തിച്ചപ്പോൾ രത്നമ്മയാണ് പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞത്. അമ്പിളി ഗർഭിണിയായിരുന്നതും രഹസ്യമായി പ്രസവിച്ചതും അറിയാമായിരുന്നെന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടതായുമാണ് നേരത്തേ ഇവർ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ, ഒന്നുമറിയില്ലെന്നാണ് കോടതിയിൽ പറഞ്ഞത്. ഇവർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
2018 ഏപ്രിൽ 17ന് അമ്പിളിയുടെ ബന്ധുവീട് സ്ഥിതിചെയ്യുന്ന കൊല്ലം പവിത്രേശ്വരം ഗുരുനാഥക്ഷേത്രത്തിന് സമീപത്തുള്ള പറമ്പിൽനിന്നാണ് നായ്ക്കൾ കടിച്ചനിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്പിളിയും ഭർത്താവ് മഹേഷുമാണ് കേസിൽ പ്രതികൾ. ശിശുവിന്റെ നെഞ്ചിൽ അമർത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് വീട്ടുപുരയിടത്തിൽ കുഴിച്ചിട്ട് മണ്ണ് മൂടിയതായാണ് കേസ്.
പ്രദേശവാസികളുടെയും ആശാവർക്കർമാരുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിശുവിന്റെ മാതാവായ അമ്പിളിയും ഭർത്താവ് മഹേഷും അറസ്റ്റിലായത്. ഭാര്യ ഗർഭിണിയാണെന്ന കാര്യം മറച്ചുവെക്കുകയും ഗർഭച്ഛിദ്രത്തിന് പലതവണ ശ്രമിക്കുകയും ചെയ്തെന്നാണ് മഹേഷിനെതിരെയുള്ള കുറ്റം. ദമ്പതികളുടെ വീട്ടിലെത്തി ഗർഭവിവരങ്ങൾ അന്വേഷിച്ചിരുന്ന ആശ വർക്കറെയും കുടുംബശ്രീ സെക്രട്ടറിയെയും ചൊവ്വാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.