പയ്യന്നൂര്‍: ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയുടെ സ്വർണമാല കവർന്നു. ദേശീയപാതയിൽ കരിവെള്ളൂർ പാലക്കുന്ന് ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ച 3.15ഓടെയാണ് സംഭവം. കരിവെള്ളൂർ പാലക്കുന്നിലെ നിർമാണ തൊഴിലാളിയും കരിവെള്ളൂർ ബസാറിൽ കടല വ്യാപാരം നടത്തുകയും ചെയ്യുന്ന കെ. രാഘവന്റെ ഭാര്യ പി.വി. അമ്മിണിയുടെ മൂന്നേകാൽ പവൻ മാലയാണ് കവർന്നത്.
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കണ്ണൂരിലെത്തിയ ഇരുവരും പുലർച്ച കൊല്ലൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ പാലക്കുന്ന് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് പോകവേ പിന്നാലെ കൂടിയ ബൈക്കിലെത്തിയ സംഘമാണ് മാല കവര്‍ന്നത്. പുലർച്ച ദമ്പതികൾ ഇരുട്ടിൽ നടന്നുപോകുന്നതുകണ്ട് പിന്നാലെ ബൈക്കിലെത്തിയ സംഘം മൊബൈല്‍ ടോര്‍ച്ചിലെ വെട്ടം കാണിച്ചുകൊടുക്കുകയായിരുന്നു. ടോര്ച്ചെടുത്തില്ലേ എന്ന് ചോദിച്ചപ്പോള്‍ ബാഗിലുണ്ടായിരുന്ന ടോര്‍ച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മിണിയുടെ കഴുത്തിൽനിന്ന് മാലപൊട്ടിച്ച് തൊട്ടകലെ കാത്തുനില്‍ക്കുകയായിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഇവരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്ഥലത്തെത്തിയ പൊലീസ് പാലക്കുന്നിലെ പെട്രോൾപമ്പിലെ നിരീക്ഷണ കാമറ പരിശോധിച്ചു. ദൃശ്യത്തിൽ മോഷ്ടാക്കൾ ബൈക്കിൽ അതിവേഗം കാലിക്കടവ് ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. ബൈക്ക് നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.