അടൂർ: പൊലീസ് സ്റ്റേഷനിൽ കേസ് നൽകി ജയിലിലാക്കിയ വിരോധത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം പൂഴിക്കോട്ടുപടി പാലക്കോട്ട് താഴേ വീട്ടിൽ രതീഷാണ് (39) അറസ്റ്റിലായത്. ഒന്നരമാസം മുമ്പ് പറക്കോട് കോട്ടമുകളിൽ വൈദ്യുതി ലൈനിന്റെ ടവറിൽ ആത്മഹത്യ ഭീഷണി മുഴക്കി മണിക്കൂറുകൾ നാടിനെ മുൾമുനയിൽ നിർത്തിയത് ഇയാളാണ്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം.
അന്ന് രാത്രി 7.30ന് ഭർതൃമതിയായ ഏഴംകുളം വയല സ്വദേശിനിയെയും മകനെയും വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചു. അരമണിക്കൂർ കഴിഞ്ഞ് കുപ്പിയിൽ നിറച്ച പെട്രോളുമായി എത്തുകയായിരുന്നു രതീഷ്. പെട്രോൾ യുവതിയുടെയും മകന്റെയും ദേഹത്ത് ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിയും മുഴക്കി തിരികെ പോകുകയായിരുന്നു. തുടർന്ന് യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രതീഷും യുവതിയും മുമ്പ് സുഹൃത്തുക്കളായിരുന്നു. സൗഹൃദം തുടരുന്നതിനിടയിൽ ഇടക്ക് ഇവർ അകന്നു. തുടർന്ന് 2023ൽ തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയിൽ അടൂർ പൊലീസ് അറസറ്റ് ചെയ്ത രതീഷ് റിമാൻഡിലായിരുന്നു. ഇതിന്റെ വിരോധമാണ് യുവതിയെ ഇപ്പോൾ അക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 23ന് രാത്രി അടൂർ പറക്കോട് കോട്ടമുകളിലെ ഓഡിറ്റോറിയത്തിന് സമീപത്തുകൂടി പോകുന്ന 110 കെ.വി വൈദ്യുതി ലൈനിന്റെ ടവറിൽ കയറി ആത്മഹത്യ ഭീഷണി ഉയർത്തിയയാളാണ് രതീഷ്. കുപ്പിയിൽ പെട്രോളുമായിട്ടായിരുന്നു രതീഷ് അന്ന് ടവറിനു മുകളിൽ കയറിയത്. ഇപ്പോൾ ആക്രമണത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് രതീഷ് അന്ന് ടവറിന് മുകളിൽ കയറിയത്.ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടും യുവാവ് ടവറിൽനിന്നും ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ യുവതിയെ പൊലീസിന്റെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സ്ഥലത്ത് എത്തിച്ചു.
പൊലീസിന്റെ അഭ്യർഥന പ്രകാരം യുവാവിനോട് ടവറിൽനിന്ന് ഇറങ്ങാൻ യുവതി ഫോണിൽക്കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് മണിക്കൂറുകളുടെ ആശങ്കക്ക് വിരാമമിട്ട് രതീഷ് താഴെയിറങ്ങിയത്. ഈ വിരോധം നിമിത്തമാണ് കഴിഞ്ഞദിവസം രതീഷ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പെട്രോൾ ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടൂർ പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.