കട്ടപ്പന: വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോന്റെ( 53) മരണത്തിനിടയാക്കിയ കാർ ഇനിയും പിടികൂടാനായില്ല. എന്നാൽ, അപകടശേഷം നിർത്താതെ പോയത് വെള്ള ഹ്യൂണ്ടായി ഇയോൺ കാറാണെന്ന് സൂചന ലഭിച്ചു. ഡിസംബർ 24ന് രാത്രി അപകടം ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് കാർ ഇടുക്കി റൂട്ടിലെ പെട്രോൾ പമ്പിന് മുന്നിൽ അപകടകരമായ രീതിയിൽ ഓടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കട്ടപ്പന ടൗണിലേക്ക് കാർ അമിത വേഗത്തിൽ പോകവേയാണ് ഇടുക്കി റോഡിൽ മാസ് ഹോട്ടലിന് മുന്നിലൂടെ നടന്ന് വരുകയായിരുന്ന കുഞ്ഞുമോനെ കാർ ഇടിച്ച് തെറിപ്പിച്ചത്. 26ന് രാവിലെ 11നാണ് ഓടയിൽ നിന്ന് കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയത്. 24 മുതൽ കുഞ്ഞുമോനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്ത വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. കാർ കടന്നുപോയ സ്ഥലങ്ങളിലെ 40 സി.സി.ടി.വി കാമറ ദൃശ്യങ്ങളാണ് പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നത്. നഗരസഭ സ്ഥാപിച്ച സി.സി.ടി.വികൾ പ്രവർത്തന രഹിതമായതിനാൽ ഇതുവരെ ലഭിച്ച ദൃശ്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കാമറകളിൽനിന്നാണ്. അന്ന് വൈകീട്ട് ആറ് മുതൽ അപകടമുണ്ടായ രാത്രി ഒമ്പതുവരെ കടന്ന് പോയ ഇയോൺ കാറുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ 71 വെള്ള നിറത്തിലുള്ള ഇയോൺ കാറുകൾ പൊലീസ് പരിശോധിച്ചുകഴിഞ്ഞു. ഇവയിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്താനായിട്ടില്ല. ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധർ അടങ്ങുന്ന സംഘമാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.