മാനന്തവാടി: എക്സൈസ് മാനന്തവാടി സർക്കിൾ ജീവനക്കാരും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും സംയുക്തമായി ശനിയാഴ്ച പുലർച്ച തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ് സർവിസിലെ പാർസൽ സർവിസ് വഴി കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എം.ഡി.എം.എയും രണ്ട്കിലോ കഞ്ചാവും പിടിച്ചെടുത്തു.
സ്വകാര്യ ബസ് ആയ എ1 ട്രാവൽസിന്റെ അടിഭാഗത്തെ കാബിനുള്ളിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനാണ് മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ മധ്യഭാഗത്തായി ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിരുന്നു.
ലഹരി കടത്തിയ സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. പിടികൂടിയ എം.ഡി.എം.എക്ക് മാത്രം ആറു ലക്ഷത്തോളം രൂപ വിലവരും. ഉത്സവകാല പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാനന്തവാടി എക്സൈസ് സർക്കിൾ ടീം 650 ഗ്രാം എം.ഡി.എം.എ, മൂന്ന് കിലോഗ്രാം കഞ്ചാവ്, 30 ലിറ്ററോളം മദ്യം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്റിവ് ഓഫിസർമാരായ അനിൽകുമാർ, കെ. ജോണി, പി.ആർ. ജിനോഷ്, എ. ദീപു, സിവിൽ എക്സൈസ് ഓഫിസർമാരായ അമൽ തോമസ്, കെ.വി. രാജീവൻ, കെ.എസ്. സനൂപ്, ഇ.എസ്. ജെയ് മോൻ എന്നിവർ പങ്കെടുത്തു.
പുൽപള്ളി: കഞ്ചാവുമായി യുവാക്കൾ പിടിയില്‍. കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി സി.കെ. ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വി. അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻകണ്ടി കെ.കെ. ഷഫീഖ് (33) എന്നിവരെയാണ് പുൽപള്ളി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
പുൽപള്ളി പഞ്ഞിമുക്കിൽ പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇവരെ പരിശോധിച്ചപ്പോഴാണ് വിൽപനക്കായി സൂക്ഷിച്ച 245 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സബ് ഇൻസ്പെക്ടർ പി.ജി. സാജൻ, എസ്.സി.പി.ഒ വർഗീസ്, സി.പി.ഒമാരായ സുജിൻ ലാൽ, കെ.വി. ഷിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.