പെരുമ്പാവൂർ: പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 30 ഗ്രാമോളം രാസലഹരിയും കഞ്ചാവുമായി ഏഴുപേർ പിടിയിലായി. വെങ്ങോല പാറമാലി ചെരിയോലിൽ വീട്ടിൽ വിമൽ (22), ചെരിയോലിൽ വീട്ടിൽ വിശാഖ് (21), അറക്കപ്പടി മേപ്രത്തുപടി ചിറ്റേത്തുപറമ്പിൽ വീട്ടിൽ വിഷ്ണു സാജു (22), പുല്ലുവഴി പുളിയാംപിള്ളി പ്ലാംകുടി വീട്ടിൽ ആദിത്യൻ (25) വെങ്ങോല പുള്ളിയിൽ വീട്ടിൽ പ്രവീൺ (25), കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലശ്ശേരി പുതിയ പെട്ടയിൽ അപ്പു (27), ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവേലി വീട്ടിൽ റിനാസ് (24) എന്നിവരെയാണ് റൂറൽ ജില്ല ഡാന്‍സാഫും എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും നടത്തിയ ഓപറേഷനിൽ പിടികൂടിയത്.
ഓപറേഷൻ ക്ലീന്‍ പെരുമ്പാവൂർ പദ്ധതിയിൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. അവിടെ വിദേശികളിൽനിന്നാണ് രാസലഹരി വാങ്ങിയത്. വിമലും വിശാഖും സഹോദരങ്ങളാണ്. വെങ്ങോലയിലെ ഇവരുടെ വീട്ടിൽ വിഷ്ണു സാജുവും റിനാസും താമസിക്കുകയായിരുന്നു.
ഈ വീട്ടിലെ മുറിയിൽ പ്രത്യേകം തയാറാക്കിയ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്നും തൂക്കി ചെറിയ പാക്കറ്റുകളിലാക്കിയാണ് വിൽപന. ഗ്രാമിന് 10,000 രൂപക്കാണ് രാസ ലഹരി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും പൊതിയാനുള്ള കവറും കണ്ടെടുത്തു.
പ്രത്യേക അന്വേഷണ സംഘത്തില്‍ എ.എസ്.പി മോഹിത് റാവത്ത്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇന്‍സ്പെക്ടർ എ.കെ. സുധീർ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.