കോഴിക്കോട്: ഇന്റീരിയർ വർക്കിനായി ഷോപ്പിൽ നിർത്തിയിട്ട ആഡംബര കാർ കവർന്ന രണ്ടുപേർ പിടിയിൽ. പേരാമ്പ്ര ചേനോളി സ്വദേശികളായ പള്ളിചാലിൽ അഫ്നാജ് (24), വെള്ളംതൊടി മുഹമ്മദ് ഹിഷാൻ (21) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്.
വെസ്റ്റ്ഹിൽ വിക്രം മൈതാനിക്ക് സമീപമുള്ള കെയർ ഡീറ്റൈയിലിങ് സ്ഥാപനത്തിൽനിന്നും വെള്ളിയാഴ്ച പുലർച്ചെയാണ് സംഘം 45 ലക്ഷം രൂപ വിലവരുന്ന കാറ് കവർന്നത്. ഇന്റീരിയർ വർക്കിനും പോളിഷിനും നിർത്തിയിട്ട കെ.എൽ -13 എ.ടി -1223 കാറുമായാണ് സംഘം കടന്നത്. സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ സംഘം സി.സി.ടി.വി ഫൂട്ടേജ് റെക്കോഡ് ചെയ്യുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കും, മറ്റ് വില പിടിപ്പുള്ള സാധനങ്ങളും എടുത്തിരുന്നു. പേരാമ്പ്രയിൽനിന്നാണ് വാഹനസഹിതം രണ്ടുപേരും പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.
ജില്ലയുടെ നിരവധി പ്രദേശത്തെ സി.സി.ടി.വി കാമറകളുടെയും പൊലീസ് കാമറകളുടെയും സഹായത്തോടെയാണ് പ്രതികൾ പോയവഴി പൊലീസിന് വ്യക്തമായത്. ഇരുവരും നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് പറഞ്ഞു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ എൻ. ലീല, ബിനു മോഹൻ, ബാബു പുതുശേരി, സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൾ സമദ്, അജീഷ് പിലാശ്ശേരി, കെ. രാജേഷ്, എം. പ്രദീപ് കുമാർ, കെ. ലിനീഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.