കൊച്ചി: വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിന് കുത്തേറ്റു. ബുധനാഴ്ച പുലർച്ച 1.30ഓടെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ വിഷ്ണു അരവിന്ദാണ് (ബിച്ചു-33) പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
എളമക്കര പൊലീസും കൺട്രോൾ റൂം ഫ്ലയിങ് സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ എ.എസ്.ഐ ഗിരീഷ് കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിരീഷ് കുമാറിന്റെ പരിക്ക് മാരകമല്ലെന്നും രണ്ട് തുന്നിക്കെട്ടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മോഷണംപോയ കെ.എൽ-7 സി.എസ്-9633 ഡ്യൂക്ക് ബൈക്കുമായി വിഷ്ണു പോകുന്നത് ശ്രദ്ധയിൽപെട്ട് പൊലീസ് പരിശോധന നടത്തിയതോടെയാണ് അക്രമം. തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.
പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടിക്കളയാൻ ശ്രമിച്ചു. പിന്നാലെയെത്തിയ പൊലീസ് ഇടപ്പള്ളി മെട്രോ സ്റ്റേഷന് മുന്നിൽ എറണാകുളം-ആലുവ ഹൈവേ റോഡ് ഭാഗത്തുവെച്ച് ഇയാളെ വളഞ്ഞു. പിടികൂടാൻ മുന്നോട്ടുവന്ന ഗിരീഷ് കുമാറിനെ പേനാക്കത്തി ഉപയോഗിച്ച് ബിച്ചു കുത്തുകയായിരുന്നു.
മൽപിടിത്തത്തിലൂടെ ബിച്ചുവിനെ കീഴ്പ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇയാൾക്കെതിരെ മോഷണം, കവർച്ച, പിടിച്ചുപറി തുടങ്ങിയ 22 കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.