ഒറ്റപ്പാലം: വധശ്രമ കേസിൽ വയോധികനും മക്കൾക്കും 10 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടാമ്പി പേരടിയൂർ കുഞ്ഞാലി വീട്ടിൽ ഏനി (66), മക്കളായ മുഹമ്മദ് മുസ്തഫ (43), വഹാബ് എന്ന അബ്ദുൽ വഹാബ് (33) എന്നിവരെയാണ് ഒറ്റപ്പാലം അഡീ. ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി പേരടിയൂർ നെച്ചിക്കാട്ടിൽ വീട്ടിൽ ഗോപിനാഥൻ എന്ന കുട്ടനെ (56) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. 2016 ജനുവരി 25ന് രാവിലെ 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
പേരടിയൂർ സെൻററിലെ ചായക്കടക്ക് മുൻവശം പ്രതികളായ മൂവരും ഗോപിനാഥനെ തടഞ്ഞുനിർത്തുകയും ഏനി കൈവശമുണ്ടായിരുന്ന കത്തികൊണ്ട് നെഞ്ചിലും വയറ്റിലും കുത്തി ഗുരുതര പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഏനിയുടെ കുടുംബവുമായി അതിർത്തി തർക്കത്തിലേർപ്പെട്ടിരുന്ന വ്യക്തിയുടെ പക്ഷത്ത് ഗോപിനാഥൻ നിന്നതിന്റെ വിരോധമാണ് വധശ്രമത്തിന് പിന്നിലെന്നാണ് കേസ്. അന്നത്തെ പട്ടാമ്പി പൊലീസ് സി.ഐ സുരേഷാണ് അന്വേഷണം നടത്തി കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്പെക്ടർ പി.വി. രമേശ് ആയിരുന്നു. ഗോപിനാഥനെ വധിക്കാൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 50,000 പിഴയും ആയുധം കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് മൂന്നുവർഷം കഠിന തടവും ദേഹോപദ്രവം ഏൽപിച്ചതിന് ആറുമാസം വെറും തടവും തടഞ്ഞുവെച്ചതിന് 15 ദിവസത്തെ വെറും തടവുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസത്തെ അധിക തടവ് കൂടി അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ഹരി ഹാജരായി. കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച 21 രേഖകളും മൂന്ന് തൊണ്ടി മുതലുകളും പരിഗണിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.