മുള്ളൂർക്കര: വാഴക്കോട് എച്ച്.പി.സി.എൽ പമ്പിൽ ജീവനക്കാരനുനേരെ അക്രമം. തലക്ക് സാരമായി പരിക്കേറ്റ ജീവനക്കാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഓട്ടുപാറ ജാറംകുന്ന് പാടത്ത് പറമ്പിൽ ശിഹാബിനെ (39) വടക്കാഞ്ചേരി പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. മുള്ളൂർക്കര വാഴക്കോട് സ്ഥിതിചെയ്യുന്ന എച്ച്.പി.സി.എൽ ഔട്ട്ലെറ്റായ ഖാൻ പെട്രോളിയം പമ്പിലാണ് ഞായറാഴ്ച രാത്രി 12ഓടെ അക്രമം ഉണ്ടായത്.
പമ്പ് ജീവനക്കാരനായ ചെറുതുരുത്തി സ്വദേശി ജയശങ്കറിനാണ് (39) തലക്ക് സാരമായി പരിക്കേറ്റത്. ഫോണിൽ സംസാരിച്ച് പമ്പിലെത്തിയ ഷിഹാബിനോട് ഇന്ധനം നിറക്കുന്നതിനു മുമ്പ് മൊബൈൽ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പറയുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും പമ്പ് ജീവനക്കാർ പറയുന്നു.
തുടർന്ന് ജീവനക്കാരന് നേരെ അസഭ്യവർഷം നടത്തുകയും തലയിൽ സ്കൂട്ടറിന്റെ ചാവി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 വരെ പെട്രോൾ പമ്പ് അടച്ചിട്ടിരുന്നു. പമ്പുകളിൽ അടിക്കടി ഉണ്ടാവുന്ന അക്രമങ്ങളിൽ പ്രതിഷേധം ശക്തമാകുമെന്ന് പമ്പ് മാനേജർ വീരാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.