കുമളി: മുൻ വൈരാഗ്യത്തെത്തുടർന്ന് കുമളി ചെക്കു പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ജോസി വർഗീസിനെയാണ് (53) അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുമളി വലിയ കണ്ടത്തിൽ ദാക്കിർ എന്ന സക്കീർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 8.45 ഓടെ തേക്കടി ബൈപാസ് റോഡിലാണ് സംഭവം. രാത്രി ഡ്യൂട്ടിക്കായി വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ജോസിയെ ദാക്കിർ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റ ജോസിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദാക്കിർ സഞ്ചരിച്ച വാഹനത്തെ മുമ്പ് ചെക്കു പോസ്റ്റിൽ തടഞ്ഞു നിർത്തി ജോസി പരിശോധിച്ചതിെൻറ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ദാക്കിർ മുമ്പും തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതായി ജോസി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അതിർത്തി ചെക്കു പോസ്റ്റിൽ ഡ്യൂട്ടി ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഇൻസ്പെക്ടർ ജോബിൻ ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.