പാലാ: ഭര്‍ത്താവിന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുക്കാൻ ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി നൽകി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷാണ് (36) അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയും പാലായില്‍ താമസക്കാരനുമായ സതീഷാണ് (38) പരാതിയുമായി പാലാ പൊലീസിനെ സമീപിച്ചത്.
2006ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സതീഷും പാലാ മുരുക്കുംപുഴ സ്വദേശിനി ആശയും വിവാഹിതരായത്. 2008 ല്‍ യുവാവ് മുരുക്കുംപുഴയിലെ ഭാര്യവീട്ടില്‍ താമസമാക്കുകയും ഐസ്ക്രീമിന്റെ വിതരണം ആരംഭിക്കുകയും ചെയ്തു. ബിസിനസ് മെച്ചപ്പെട്ടതോടെ 2012ല്‍ മീനച്ചിൽ പാലാക്കാട്ട് വീട് വാങ്ങി താമസം മാറി. വിവാഹം കഴിഞ്ഞ് ഏതാനും വർഷമായപ്പോൾ മുതൽ ഭാര്യക്ക് നിസ്സാരകാര്യങ്ങളെച്ചൊല്ലി ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിരുന്നതായി യുവാവ് പറയുന്നു.
തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് പരാതിക്കാരൻ ഡോക്ടറെ കണ്ട് ഷുഗര്‍ താഴ്ന്നതാകാം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. 2021 സെപ്റ്റംബറിൽ 20 ദിവസത്തോളം പുറത്തുനിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ ക്ഷീണം തോന്നാതിരുന്നതിനാല്‍ തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. യുവാവ് ഭാര്യയുടെ കൂട്ടുകാരിയോട് ഇതേപ്പറ്റി സംസാരിക്കുകയും ഭാര്യ എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതല്‍ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തത്. തുടര്‍ന്ന്, സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് കൈമാറുകയായിരുന്നു. പരാതി അന്വേഷിച്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവ് തിരികെ നാട്ടിലേക്ക് പോയാൽ സ്വത്തും സമ്പാദ്യവും നഷ്ടപ്പെടുമെന്ന് ആശ ഭയപ്പെട്ടിരുന്നു. അതിനാൽ ഭർത്താവിനെ ക്രമേണ ഇല്ലാതാക്കി സതീഷിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. അതിനാണ് ഭക്ഷണത്തിൽ മരുന്ന് കലർത്തി നൽകിയതെന്ന് പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ കെ.പി. ടോംസണ്, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ജോജന്‍, സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ സുമേഷ്, വനിത പൊലീസ് ബിനുമോള്‍, ലക്ഷ്മി, രമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.