ബേപ്പൂർ: നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ബേപ്പൂർ സ്വദേശിയായ ബോട്ടുടമയെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഇന്ത്യയിൽ നിരോധിത വിഭാഗത്തിൽപ്പെട്ട ‘തുറായ’ ഇറീഡിയം സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യംചെയ്യൽ. മൂന്ന് ദിവസത്തിനകം മംഗളൂരു കോസ്റ്റൽ പൊലീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കർണാടക കോസ്റ്റൽ സെക്യൂരിറ്റി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തേ ഇയാൾ ഒമാനിൽ ജോലിചെയ്തിരുന്നു. ഒമാൻ സ്വദേശിയായ സുഹൃത്ത് നൽകിയ ഫോണാണിത്. മൂന്ന് മീൻപിടിത്ത ബോട്ടുകൾ ഇയാളുടെ പേരിലുണ്ട്.
ഇവയുടെ മുഴുവൻ രേഖകളുമായി കോസ്റ്റൽ പൊലീസിൽ ഹാജരാകാനാണ് നിർദേശം. ഫോൺ സംബന്ധിച്ച രേഖകളും ഹാജരാക്കണം. തുറായ നിർമിത സാറ്റലൈറ്റ് ഫോൺ കേന്ദ്രസർക്കാർ രാജ്യത്ത് നിരോധിച്ചതാണ്. ചില വിദേശരാജ്യങ്ങളിൽ തുറായ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ഇന്ത്യയിൽ നിരോധനത്തിൽ പെട്ടതാണ്. അറബിക്കടലിൽ വെച്ച് ഈ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായാണ് ഇന്റലിജൻസ് ബ്യൂറോയും കോസ്റ്റൽ പൊലീസും കണ്ടെത്തിയത്. ഇയാളുടെ ബോട്ടിലെ ജീവനക്കാരായ തമിഴ്നാട് കുളച്ചൽ സ്വദേശികളായ സ്രാങ്കിനെയും മറ്റൊരു സ്ത്രീയെയും ഈ ഫോണിൽനിന്ന് വിളിച്ചതായി വ്യക്തമായിട്ടുണ്ട്.
സർക്കാറിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ആർക്കും സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ പാടില്ല. ടെലഗ്രാഫ് ആക്ട് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിത്. രാജ്യ സുരക്ഷക്കെതിരായ പ്രവൃത്തി ചെയ്തുവെന്ന കുറ്റംചുമത്തിയും നിയമനടപടി സ്വീകരിക്കാം. തുറായ നിർമിതമായ സാറ്റലൈറ്റ് ഫോൺ മുംബൈ സ്ഫോടനത്തിന് ഭീകരർ ഉപയോഗിച്ചിരുന്നു. ഇവിടെയെത്തുന്ന വിദേശികൾ നേരത്തേ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ, നിലവിലെ ചട്ട പ്രകാരം മുൻകൂട്ടിയുള്ള അനുമതിയില്ലാതെ വിദേശികളും ഇന്ത്യയിൽ ഇതുപയോഗിക്കാൻ പാടില്ല. നിയമലംഘകർക്കെതിരെ ഇന്ത്യൻ വയർലെസ് നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുള്ളതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.