കൊച്ചി: ഒരുകോടി രൂപ വിലയുള്ള മാരക മയക്കുമരുന്ന് എം.ഡി.എം.എയുമായി ഏഴുപേർ പിടിയിൽ. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡും കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ത്രീകൾ ഉൾപ്പെട്ട സംഘം കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, ഫവാസ്, ഷബ്ന, കാസർകോട് സ്വദേശി അജു എന്ന അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 90 ഗ്രാം എം.ഡി.എം.എ, ഐ ട്വൻറി കാർ എന്നിവയും പിടികൂടി. മറ്റൊരു യുവതിയെയും യുവാവിനെയുംകൂടി കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ പങ്കില്ലെന്ന വിലയിരുത്തലിൽ വിട്ടയച്ചു.
ലഹരിക്കടത്തിന് മറയായി ഉപയോഗിച്ചിരുന്ന മൂന്ന് വിദേശ ഇനത്തിൽപെട്ട നായ്ക്കളെയും പിടികൂടിയിട്ടുണ്ട്. പ്രതികൾ താമസിച്ചിരുന്ന കാക്കനാട് വാഴക്കാല മേലേപ്പാടം റോഡില്‍ മര്‍ഹബ അപ്പാര്‍ട്മെൻറിൽനിന്നും ഉപയോഗിച്ചിരുന്ന കാറിൽനിന്നുമായാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചെന്നെയിൽനിന്ന് ഒൗഡിപോലുള്ള ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിലാണ് സംഘം മയക്കുമരുന്നുമായി കേരളത്തിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീകളുടെയും വിദേശ ഇനത്തിൽപെട്ട നായ്ക്കളുടെയും മറവിൽ ചെക്ക്പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതാണ് രീതി. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ എം.ഡി.എം.എ വിതരണം ചെയ്യുന്ന വൻ സംഘമാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകെക്കടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്.
ആൻറി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ശങ്കറിെൻറ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡ് ചുമതലയുള്ള എക്സൈസ് സി.ഐ ടി. അനികുമാർ, ആലുവ എക്സൈസ് സി.െഎ ജി. കൃഷ്ണകുമാർ, കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റ് കൊച്ചി സൂപ്രണ്ട് വി. വിവേക്, കസ്റ്റംസ് പ്രിവൻറിവ് ഇൻസ്‌പെക്ടർമാരായ റെമീസ് റഹീം, ഷിനുമോൻ അഗസ്റ്റിൻ, ലിജിൻ, കമാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ബസന്ത് കുമാർ, അരുൺകുമാർ, അനൂപ്, ഡ്രൈവർ ശ്രാവൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍. ശങ്കര്‍ പറഞ്ഞു. 10 ഗ്രാമിന് മുകളിൽ എം.ഡി.എം.എ കൈവശം വെക്കുന്നത് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കൊച്ചി: എറണാകുളത്ത് എക്സൈസ്, കസ്റ്റംസ് സംയുക്ത പരിശോധനയിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് പിന്നിൽ വൻസംഘമെന്ന് സംശയിച്ച് അന്വേഷണസംഘം. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ വൻസംഘങ്ങളുമായി ഇവർ ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
പ്രതികളുടെ ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. ഇവർ നിരന്തരം ബന്ധപ്പെട്ട നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള ആളുകളെ നേരിട്ടെത്തി ചോദ്യം ചെയ്യും. സ്ഥിരമായി ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്ന ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ചെന്നൈയിൽനിന്നും മറ്റും പലവട്ടം േകരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് വിവരം. ചെക്പോസ്റ്റിലടക്കം ഉദ്യോഗസ്ഥരുടെ ശ്രദ്ധതിരിക്കാൻ കുടുംബമെന്ന നിലയിലായിരുന്നു ഇവരുടെ യാത്രകൾ. സംശയം തോന്നാതിരിക്കാനും വേണ്ടിവന്നാൽ ഭയപ്പെടുത്താനും മുന്തിയ ഇനം നായ്ക്കളെയും വാഹനത്തിൽ കൂട്ടും. കുടുംബസമേതമുള്ള ഉല്ലാസയാത്ര എന്ന പ്രതീതിയാണ് ഇത്തരത്തിൽ സൃഷ്ടിക്കുന്നത്. കൂടുതൽ സ്ത്രീകളെ സംഘം കണ്ണികളാക്കിയിരുന്നോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
വിലയേറിയ മയക്കുമരുന്നുകൾ എത്തിക്കുന്നതിനോടായിരുന്നു സംഘത്തിന് പ്രിയം. ഒളിപ്പിക്കാനുള്ള സൗകര്യമാണ് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്. വില കൂടുതൽ ലഭിക്കുമെന്നതും ന്യൂെജൻ ലഹരി ഉപയോക്താക്കളുടെ ഇഷ്ട ഉൽപന്നമാണെന്നതും ഇതിലേക്ക് കൂടുതൽ അടുപ്പിച്ചെന്നും വിലയിരുത്തുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നെടുമ്പാശ്ശേരി: മയക്കുമരുന്നുമായി കാക്കനാട്ടുനിന്ന് പിടിയിലായ സ്ത്രീ ഉൾപ്പെട്ട സംഘത്തിന് പുതുച്ചേരിയിൽ റിസോർട്ട് നടത്തിപ്പുമുണ്ടെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസ് നടത്തും. ഈ റിസോർട്ടിെൻറ വിലാസത്തിൽ എത്തിയ കൊറിയർ ഇവർ സ്വീകരിക്കാൻ വൈകിയതിനെത്തുടർന്ന് തിരിച്ചുപോയിരുന്നു. ഇതിൽ എന്തായിരുന്നുവെന്നും അന്വേഷിക്കും.
സംഘം കൊച്ചിയിൽ നാല് ഫ്ലാറ്റ് വാടകക്ക് എടുത്തിട്ടുണ്ട്. ഇതിൽ ഒന്നിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. ബാക്കി ഫ്ലാറ്റുകൾ അനാശാസ്യപ്രവർത്തനത്തിനും മയക്കുമരുന്ന് പാർട്ടിക്കുമാണ് ഉപയോഗിച്ചിരുന്നതെന്ന് സൂചനയുണ്ട്.
പിടിയിലായവരിൽ ഒരു യുവതി ഭർത്താവിനെ ഉപേക്ഷിച്ച് രണ്ട് കുട്ടികൾക്കൊപ്പമാണ് സംഘത്തിലൊരാളെ പ്രണയിച്ച് ഇവർക്കൊപ്പം കൂടിയത്. മയക്കുമരുന്ന് കൊണ്ടുവരുമ്പോൾ സംശയിക്കാതിരിക്കാൻ കുട്ടികളെയും കൂടെ കൂട്ടുമായിരുന്നു. ഏതാനും മാസം മുമ്പ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട് െവച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും എക്സൈസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. അന്ന് എക്സൈസ് പിന്തുടർന്ന വാഹനം സംഘത്തിലെ പ്രധാനിയായ ശ്രീമോേൻറതാണെന്ന് തിരിച്ചറിഞ്ഞു. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഒൗഡി കാറാണിത്. ഈ കാർ അവിടെ ഇടക്കിടെ എത്താറുണ്ടെന്ന് ഫ്ലാറ്റിലെ സി.സി.ടി.വിയിൽനിന്ന് തിരിച്ചറിഞ്ഞു. ഇവർ നായ്ക്കളെ വിട്ട് എക്സൈസുകാരെ പിന്തിരിപ്പിക്കാൻ ആദ്യം ശ്രമിച്ചു. പിന്നീട് നായ്ക്കളെ മയക്കുന്ന വിദഗ്ധരെ കൊണ്ടുവന്ന ശേഷമാണ് ഇവരെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.