കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ചു കടന്ന കള്ളക്കടത്ത് വാഹകരായ യാത്രക്കാരുള്‍പ്പെടെ 12 പേരെ കരിപ്പൂര്‍ പൊലീസ് പിടികൂടി. സ്വര്‍ണവാഹകരായ അഞ്ചുപേരും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഏഴുപേരുമാണ് പിടിയിലായത്. നാല് കേസുകളിലായി സ്വര്‍ണമിശ്രിതമടക്കം 2.45 കിലോഗ്രാം സ്വര്‍ണം പിടികൂടി.
വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അല്‍ഐനില്‍നിന്ന് എത്തിയ കോഴിക്കോട് ആവിലോറ ചേമ്പുന്തറമ്മല്‍ ഹബീബ് റഹ്‌മാന്‍ (41), മലപ്പുറം എടപ്പറ്റ വെള്ളിയഞ്ചേരി മഠത്തൊടി നൗഷാദ് ബാബു (41), കാസര്‍കോട് മുഗ്‌രാന്‍ ശിരിബന്ഗല്‍ നൂര്‍ മഹല്‍ മുഹമ്മദ് അര്‍ഷദ് (21), ദുബൈയില്‍നിന്ന് എത്തിയ കോഴിക്കോട് കൊയിലാണ്ടി കെന്‍സ് വീട്ടില്‍ മജീദ് (82), അബൂദബിയില്‍നിന്നെത്തിയ വയനാട് കുഞ്ഞോം സ്വദേശി കെ.എം. അബ്ദുല്‍ റസാഖ് (40) എന്നിവരാണ് പിടിയിലായ യാത്രക്കാർ.
ഹബീബ് റഹ്മാന്‍, നൗഷാദ് ബാബു എന്നിവരെ കൊണ്ടുപോകാനെത്തിയ കൊയിലാണ്ടി നെല്ലോളി വീട്ടില്‍ മുഹമ്മദ് ഹനീഫ് (43), കോഴിക്കോട് പയ്യോളി കിഴൂര്‍ നവാസ് (43), മുഹമ്മദ് അര്‍ഷദിനെ കൊണ്ടുപോകാനെത്തിയ കാസര്‍കോട് സ്വദേശി മസ്ഹൂര്‍ മന്‍സില്‍ അമന്‍ (20), മജീദിനെ സ്വീകരിക്കാനെത്തിയ പൊന്നാനി സ്വദേശി പാലക്കവളപ്പില്‍ ഹംസ (39), എടപ്പാള്‍ പന്താവൂര്‍ സ്വദേശി ഫര്‍ഹാന്‍ (27), അബ്ദുല്‍ റസാഖിനെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കുറ്റ്യാടി കൂമുള്ള മലയില്‍ സുബൈര്‍ (82), കുനിയില്‍ ഫഹദ് (27) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരെത്തിയ നാല് കാറുകളും കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ റസാഖില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 1.6 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. ബാഗേജില്‍ കടത്തിയ സ്വര്‍ണവുമായാണ് മറ്റു യാത്രികര്‍ പിടിലായത്. ഹബീബ് റഹ്മാനില്‍നിന്ന് 108 ഗ്രാമും നൗഷാദ് ബാബുവില്‍നിന്ന് 109 ഗ്രാമും സ്വര്‍ണം പിടികൂടി. പൊലീസ് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി വിവരങ്ങള്‍ കസ്റ്റംസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.