പാട്ന: അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ബീഹാർ മുൻ എം.എൽ.എ പൊലീസിന്‍റെ പിടിയിൽ. വധശ്രമത്തെ തുടർന്ന് മകൾ നൽകിയ പരാതിയിലാണ് മുൻ എം.എൽ.എ സുരേന്ദ്ര ശർമയെ പൊലീസ് അറസ്റ്റുചെയ്തത്.
ദുരഭിമാനക്കൊല നടത്താൻ 20 ലക്ഷം രൂപ നല്കി സുരേന്ദ്ര ശർമ ഏർപ്പാടാക്കിയ അക്രമികളുടെ സംഘം അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മുൻ എം.എൽ.എയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഒന്നിന് അർധരാത്രിയോടെയാണ് യുവതിക്ക് നേരെ വധശ്രമം നടന്നത്. തനിക്കുനേരെ അജ്ഞാതർ വെടിയുതിർക്കുകയും ഉന്നം തെറ്റിയതോടെ അക്രമികൾ മോട്ടോർ സൈക്കിളിൽ സ്ഥലം വിടുകയുമായിരുന്നെന്ന് ശ്രീ കൃഷണപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ പറയുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രമോദ് കുമാർ വ്യക്തമാക്കി.
ക്വട്ടേഷൻ സംഘത്തിന്റെ തലവനായ ഛോട്ടേ സർക്കാർ എന്ന അഭിഷേകിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് നാടൻ തോക്കുകൾ, നിരവധി വെടിയുണ്ടകൾ, നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിൾ എന്നിവ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സരൺ ജില്ലയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു സുരേന്ദ്ര ശർമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.