പട്‌ന: ബിഹാറുകാരായ കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജവിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാർ ജാമുയി സ്വദേശി അമൻ കുമാറിനെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ വ്യാജ വിഡിയോയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എ.ഡി.ജി.പി ജിതേന്ദ്ര സിങ് ഗംഗാവാർ പറഞ്ഞു. പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ ഫോണിൽനിന്ന് ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു.
തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത ബിഹാറി കുടിയേറ്റ തൊഴിലാളിയെ കൊന്ന് കെട്ടിത്തൂക്കിയെന്ന തരത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആത്മഹത്യാ കേസ് കൊലപാതകമാണെന്ന് തോന്നിപ്പിക്കാനാണ് ഇതെന്ന് ഗംഗാവർ പറഞ്ഞു. "ബിഹാറിൽ നിന്നുള്ള ഒരാളെ കൊന്ന് തൂക്കിലേറ്റിയതായി വിഡിയോയിൽ കാണിക്കുന്നു. ചില ബിഹാറി കുടിയേറ്റക്കാരെ നാട്ടുകാർ മർദിക്കുന്നതായി ആരോപിക്കുന്ന മറ്റൊരു വിഡിയോയും ഉണ്ടായിരുന്നു. ഇത് ബിഹാറിൽനിന്ന് തന്നെയുള്ള പഴയ വിഡിയോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാടുമായി യാതൊരു ബന്ധവുമില്ല’ -അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ തെറ്റിദ്ധാരണ അകറ്റാനും ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുള്ള അകൽച്ച ഒഴിവാക്കാനും ബിഹാർ ഗ്രാമവികസന വകുപ്പ് സെക്രട്ടറി ഡി. ബാലമുരുകൻ, തിരുപ്പൂർ ജില്ലാ കളക്ടർ എസ്. വിനീത്, തിരുപ്പൂർ പോലീസ് കമ്മീഷണർ പ്രവീൺ കുമാർ അഭിനപു എന്നിവർ വ്യവസായ സംഘടനകളുടെയും കുടിയേറ്റ തൊഴിലാളികളുടെയും പ്രതിനിധികളെ സന്ദർശിച്ചു. തുടർന്ന് ഇവർ സംയുക്ത വാർത്താസമ്മേളനം നടത്തി തെറ്റിദ്ധാരണ അകറ്റണമെന്നും വ്യാജപ്രചാരണം ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.