തട്ടിക്കൊണ്ടുപോകൽ കൊലക്കേസ് പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
തൊടുപുഴ: തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിന്റെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും കുഴിച്ചുമൂടലും നടന്നത് മൂന്ന് മണിക്കൂറിനുള്ളിൽ. വ്യാഴാഴ്ച പുലർച്ച അഞ്ചോടെയാണ് കോലാനിക്ക് സമീപത്തുനിന്ന് ബിജു ജോസഫിനെ ഒന്നാം പ്രതിയും മുൻ വ്യാപാര പങ്കാളിയുമായ ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുന്നത്. ജോമോന്റെ ബന്ധുവിന്റെ വാനാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്.
സ്കൂട്ടറിൽ സഞ്ചരിച്ച ബിജുവിനെ വാൻ ഉപയോഗിച്ച് തടഞ്ഞാണ് തട്ടിക്കൊണ്ടുപോയത്. വാഹനത്തിൽ കയറ്റിയപ്പോൾ ബിജു നിലവിളിച്ചു. ശബ്ദമുണ്ടാകാതിരിക്കാൻ രണ്ടാം പ്രതി ആഷിക് ജോൺസൺ തലയിലും കഴുത്തിലും ചവിട്ടിപ്പിടിച്ചു. ഇതിനിടെ ബിജു മരിച്ചു. ഇതോടെ കലയന്താനി-ചെലവ് റോഡിലെ ദേവമാത കാറ്ററിങ്ങിന്റെ ഗോഡൗണിലേക്ക് പോകുകയും മൃതദേഹം മാലിന്യക്കുഴിയിലെ മാൻഹോളിൽ തള്ളുകയുമായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
നേരത്തേ രണ്ടുതവണ ബിജു ജോസഫിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയിരുന്നു. എന്നാൽ, രണ്ട് സംഭവങ്ങളിലും പ്രതികൾ മുൻകൂർ പണം ആവശ്യപ്പെട്ടതോടെയാണ് മൂന്നാമത്തെ സംഘത്തെ സമീപിച്ചത്. ഇവർക്ക് 12,000 രൂപ ഗൂഗിൾ പേ വഴി നൽകിയിരുന്നു. ആറുലക്ഷം രൂപയിൽ ബാക്കി തുക ക്വട്ടേഷൻ നടത്തിയ ശേഷം നൽകുമെന്നാണ് ജോമോൻ പറഞ്ഞിരുന്നത്. മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ ഞായറാഴ്ച പൊലീസ് സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. രാവിലെ 10ഓടെ ജോമോനുമായി ബിജുവിനെ തട്ടിക്കൊണ്ടുപോയ കോലാനിക്ക് സമീപത്തെ സ്ഥലത്തെത്തി തെളിവെടുത്തു.
ബിജുവിനെ പിന്തുടര്‍ന്ന സ്ഥലം മുതല്‍ ഓമ്നി വാനില്‍ കയറ്റിയ സ്ഥലം വരെ പ്രതിയെ എത്തിച്ചു. ഇവിടെനിന്നും ബിജുവിന്റെ ചെരിപ്പ് പൊലീസ് കണ്ടെടുത്തു. പിന്നീട് മുഹമ്മദ് അസ്ലമിനെയും കൂട്ടി കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലുമെത്തി. പ്രതികള്‍ ഒരാഴ്ചയായി ബിജുവിനെ നിരീക്ഷിച്ച് വരുകയായിരുന്നെന്നും രാവിലെ പോകുന്നതും രാത്രി വീട്ടിലെത്തുന്ന സമയവും മനസ്സിലാക്കിയിരുന്നതായുമാണ് അന്വേഷണത്തിൽ വ്യക്തമായത്.
പൊലീസ് ഉണർന്നു; ഒറ്റ രാത്രിക്കുള്ളിൽ പ്രതികൾ പിടിയിൽ
തൊടുപുഴ: വ്യാപാര തർക്കത്തിന്റെ പേരിൽ മുൻ ബിസിനസ് പങ്കാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒറ്റ രാത്രിക്കുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിച്ചത് പൊലീസിന്റെ ജാഗ്രത. വ്യാഴാഴ്ച പുലർച്ച തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വെള്ളിയാഴ്ചയാണ് ഭാര്യയുടെ പരാതി ലഭിച്ചത്. ഈ പരാതിയിൽ സംശയമുള്ള രണ്ടുപേരുടെ പേരും പറഞ്ഞിരുന്നു. ഒരാൾ മുഖ്യപ്രതി ജോമോനും മറ്റൊരാൾ മുട്ടം സ്വദേശിയുമായിരുന്നു. പൊലീസ് ഉടൻ രണ്ടുപേരുടെ ഫോൺ നമ്പറുകളിൽ വിളിച്ചു പരിശോധിച്ചു. ജോമോന്റെ രണ്ട് ഫോണും സ്വിച്ച്ഡ്ഓഫ് ആയിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധനക്ക് പോയി. ഈ സമയം അവിടെയെത്തിയ ജോമോന്റെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾ 25,000 രൂപ ഗൂഗിൾ പേ ചെയ്തുകൊടുത്തിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ പുതിയ ഫോൺ വാങ്ങാൻ ജോമോൻ പറഞ്ഞിട്ടാണ് പണം അയച്ചതെന്നും വ്യക്തമാക്കി. തുടർച്ചയായി ഇയാളെ ചോദ്യം ചെയ്തതിന് ഒടുവിലാണ് ബിജു കൊല്ലപ്പെട്ടതും ജോമോനും സംഘവും മുങ്ങിയതും അറിയുന്നത്.
അതേസമയം, മൃതദേഹം എന്തു ചെയ്തുവെന്നത് സംബന്ധിച്ച് ബന്ധുവിനും വിവരം ഉണ്ടായിരുന്നില്ല. ജോമോൻ ആലുവയിലാണുള്ളതെന്ന് വ്യക്തമായി. ഇതോടെ, മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാൻ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം ആലുവയിലേക്ക് തിരിച്ചു. ആലുവ റെയിൽവേ സ്റ്റേഷന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് റെയിൽവേ പാർക്കിങ്ങിൽ ദേവമാത കാറ്ററിങിന്റെ വാഹനം പൊലീസുകാരിൽ ഒരാൾ കണ്ടത്. വാഹനത്തിൽ ഒരാൾ ഉറങ്ങുന്നുമുണ്ടായിരുന്നു. ഉടൻ പൊലീസ് സംഘം വാഹനം വളഞ്ഞ് ഉറങ്ങുകയായിരുന്നു ജോമോനെ പിടികൂടി. കുറ്റം സമ്മതിച്ച ജോമോൻ ക്വട്ടേഷൻ സംഘാംഗങ്ങൾ എറണാകുളം നെട്ടൂരിലുണ്ടെന്ന് പറഞ്ഞു. നെട്ടൂരിലെ ലോഡ്ജിൽനിന്നാണ് മുഹമ്മദ് അസ്ലം, ജോമിന് കുര്യൻ എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കാറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിന്റെ മാലിന്യക്കുഴിയിൽ തള്ളി കോൺക്രീറ്റ് ചെയ്തത് സമ്മതിച്ചത്.
കേസിലെ രണ്ടാം പ്രതി ആഷിക് ജോൺസണെ കാപ്പ കേസിൽ എറണാകുളം പൊലീസ് കലയന്താനിയിൽനിന്ന് വ്യാഴാഴ്ച രാവിലെ പിടികൂടിയിരുന്നു. ഇയാളെ പിടികൂടിയതോടെയാണ് ജോമോനും മറ്റ് രണ്ട് പ്രതികളും ഫോൺ ഓഫ് ചെയ്ത് ആലുവയിലേക്ക് കടന്നത്. ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, എസ്.ഐ എന്‍.എസ്. റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.