കാളികാവ് (മലപ്പുറം): ഉദരംപൊയിലിൽ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റിൻ മരിച്ചത് മർദനമേറ്റതിനെത്തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ കുട്ടിയുടെ പിതാവ് ഉദരംപൊയിൽ കോന്തൻതൊടിക മുഹമ്മദ് ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം മർദനമാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതായി കാളികാവ് എസ്.ഐ വി. ശശിധരൻ പറഞ്ഞു. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന പിതാവ് ഫായിസിന്റെയും ഇയാളുടെ മാതാവിന്റെയും വാദം കളവെന്ന് ഇതോടെ തെളിഞ്ഞു.
കുട്ടിയുടെ വാരിയെല്ലുകൾ അടിയേറ്റ് പൊട്ടിയ നിലയിലായിരുന്നു. തലച്ചോർ ഇളകി രക്തസ്രാവമുണ്ടായിരുന്നു. കഴുത്തിലും മുഖത്തുമടക്കം മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്.
കുട്ടിയുടെ മരണശേഷം ഒളിവിലായിരുന്ന ഫായിസിനെ പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ചാണ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ഫാത്തിമ നസ്റീൻ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് പറഞ്ഞ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ദേഹത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നത് സംശയമുണർത്തി. കുട്ടിയെ പിതാവ് മർദിച്ചിരുന്നതായും കട്ടിലിലെറിഞ്ഞിരുന്നതായും മാതാവ് ഷഹബാനത്തും ബന്ധുക്കളും പറഞ്ഞു.
ഫാത്തിമ നസ്റിനെയും മാതാവ് ഷഹബാനത്തിനേയും ഫായിസ് ഇടയ്ക്കിടെ മർദിക്കാറുണ്ടായിരുന്നതായി ബന്ധുക്കളും അയൽവാസികളും പൊലീസിന് മൊഴി നൽകി. സംഭവം നടക്കുമ്പോൾ വീട്ടിൽ ഫായിസിന്റെ മാതാവ് താജുന്നീസ, സഹോദരി നജ്മുൽ ഫാരിസ, സഹോദരീ ഭർത്താവ് അൻസാർ എന്നിവരുമുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാലാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്. അന്വേഷണ ഭാഗമായി ഫായിസിന്റെ വീട് പൊലീസ് പൂട്ടി സീൽ ചെയ്തു. മുഹമ്മദ് ഫായിസ് - ഷഹബാനത്ത് ദമ്പതികൾക്ക് മൂന്ന് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.