അടൂര്‍: അരക്കോടി രൂപയുടെ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കേബിള്‍ മോഷ്ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ (46) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈകോടതിയും സുപ്രീംകോടതിയും ജാമ്യം തള്ളി പൊലീസിൽ കീഴടങ്ങാൻ നിര്‍ദേശിച്ചിട്ടും പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂന്നു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ പോലും സുപ്രീംകോടതി തയാറാകാത്തതിനെ തുടർന്ന് എറണാകുളം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കേബിള്‍ മുറിച്ചുകടത്തിയതിന് പുറമെ കല്ലട ഇറിഗേഷന്‍ പദ്ധതി ഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിച്ചു നീക്കിയതിനും അജി ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കേബിള്‍ മോഷണത്തിന് അജി ഫിലിപ്പിെൻറ സഹോദരന് ഏഴംകുളം നെടുമണ്‍ തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ ജിജി ഫിലിപ്പ് (52), പറക്കോട് അവറുവേലില്‍ പുത്തന്‍വീട്ടില്‍ അനൂപ് (18), പോരുവഴി എടക്കാട് രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കേബിള്‍ മോഷ്ടിച്ച് കടത്തിയത്. ഏപ്രില്‍ 17 ന് തുടങ്ങിയ മോഷണം ജൂണ്‍ 13 വരെ തുടര്‍ന്നു. പറക്കോട് ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ച് പരിധിയില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് നല്കാൻ കരാറെടുത്ത ഇടത്തിട്ട രാഹുല്‍ നിവാസില്‍ രാഹുല്‍ കൃഷ്ണന് നല്കിയ പരാതിയിലാണ് അറസ്റ്റ്.
കേബിള്‍ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് അനുമാനം.
പ്രതികള്‍ വലിച്ചെറിഞ്ഞ കേബിളും കടത്താനുപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിെൻറ നിർദേശാനുസരണം അടൂർ സി.ഐ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ്.ഐമാരായ മനീഷ്.എം, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, റോബി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനുശേഷം റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.