ചെർപ്പുളശ്ശേരി: പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ കയറി സ്വർണവും പണവും കവരുന്നത് പതിവാക്കിയ യുവാവിനെ ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. തൃക്കടീരി വീരമംഗലം തച്ചമ്പറ്റ ശിവദാസൻ (28) ആണ് പിടിയിലായത്. രണ്ടു മാസത്തിനിടെ ചെർപ്പുളശേരി സ്റ്റേഷൻ പരിധിയിലെ പൂട്ടിയിട്ട രണ്ട് വീടുകളിൽ കവർച്ച നടത്തിയത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പകൽസമയത്ത് വീട് പൂട്ടി പുറത്തുപോകുന്നവരെ നിരീക്ഷിച്ച് വാതിലും അലമാരയും മേശകളും തകർത്ത് കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. ചെർപ്പുളശ്ശേരിയിൽ മാത്രം ആറ് സ്ഥലങ്ങളിൽ മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചു. ശ്രീകൃഷ്ണപുരത്ത് രണ്ടിടത്തും കവർച്ച നടത്തി.
ഇതാദ്യമായാണ് ഇയാൾ പിടിയിലാകുന്നത്. ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിലും സമാന കവർച്ച നടന്നത് പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെർപ്പുളശ്ശേരിയിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്.ഐമാരായ ബി. പ്രമോദ്, ബിനു മോഹൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, പി. രാജീവ്, അജീഷ്, വിനു ജോസഫ്, എ. ഉദയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.