പീരുമേട്: വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ) ഡ്രൈവറായി. വാഗമൺ-ഏലപ്പാറ റൂട്ടിൽ കോലാഹലമേട്ടിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ലൈസൻസില്ലാത്ത ഡ്രൈവർ പിടിയിലായത്.
കുമളിയിൽനിന്ന് വാഗമണ്ണിലേക്കുവന്ന ദിയമോൾ എന്ന ബസിലെ ഡ്രൈവറുടെ കൈവശമുണ്ടായിരുന്നത് കഴിഞ്ഞ നവംബറിൽ കാലാവധി തീർന്ന ലൈസൻസായിരുന്നു. തുടർന്ന് ട്രിപ് മുടങ്ങാതിരിക്കാൻ ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എം.വി.ഐ വി. അനിൽകുമാർ ബസ് ഓടിച്ച് യാത്രക്കാരെ വാഗമണ്ണിൽ എത്തിച്ചു. മറ്റൊരു ഡ്രൈവർ എത്തി ഇവിടെനിന്ന് സർവിസ് പുനരാരംഭിച്ചു.
കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 35 ഓളം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും നിയമലംഘനങ്ങൾക്ക് ഒന്നര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ, തീവ്രശബ്ദത്തോടുകൂടിയ സൈലൻസറിന്‍റെയും ഹോണുകളുടെയും ഉപയോഗം, നമ്പർ പ്ലേറ്റിലെ കൃത്രിമങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയായിരുന്നു നടപടി. ഇടുക്കി എൻഫോഴ്സ്‌മെന്‍റ് അർ.ടി.ഒ പി.എ. നസീറിന്‍റെ നിർദേശപ്രകാരം എം.വി.ഐ വി. അനിൽകുമാറിന് പുറമെ എ.എം.വി.ഐ പി.എസ്. ശ്രീജിത്തും പരിശോധനയിൽ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.