നെടുങ്കണ്ടം: സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും കെണിയിൽപെടുത്തി പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശിയായ യുവാവിനെ നെടുങ്കണ്ടം പൊലീസ് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശിനിയായ 17കാരിയുടെ പരാതിയിൽ കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആര്. പിള്ളൈയാണ് (29) അറസ്റ്റിലായത്. സൈനിക ഉദ്യോഗസ്ഥന് ചമഞ്ഞായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അജയ്. ആര് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച യുവാക്കളുടെ ആകര്‍ഷക ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു തട്ടിപ്പ്. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് പറയുന്നത്:
പട്ടാളക്കാരനായ ഭാര്യ സഹോദരനൊപ്പം 2018ല്‍ രഞ്ജിത്ത് പുണെയില്‍ പട്ടാളക്കാരുടെ കാൻറീനില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കോയമ്പത്തൂരിലെത്തി പെയിൻറിങ് ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും തട്ടിപ്പിനിരയാക്കിയത്. നവമാധ്യമങ്ങളില്‍ വ്യാജഅക്കൗണ്ടില്നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വീട്ടമ്മമാരുമായും വിദ്യാര്‍ഥിനികളുമായും സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന്്് ഇവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇയാള്‍ ഒരു തവണപോലും വിഡിയോ കാളില്‍ വന്നിട്ടില്ലെന്ന് തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.
500 മുതല്‍ 10000 രൂപവരെ പലരില്‍നിന്നായി തട്ടിയെടുത്തു.
17കാരി കഴിഞ്ഞ മൂന്നിനാണ് നെടുങ്കണ്ടം സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസും ജില്ല സൈബര്‍ സെല്ലും ചേര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെ താമസസ്ഥലം കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്തി പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു. ഒരു ഫോണ്‍ തട്ടിപ്പിന് മാത്രമായാണ് ഉപയോഗിച്ചിരുന്നത്. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു, എസ്.ഐ ജി. അജയകുമാര്‍, പൊലീസ് ഓഫിസര്‍മാരായ സുനില്‍ മാത്യു, എന്‍.എ. മുജിബ്, ആര്. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.