വിഷംവിറ്റ് നൂറിലധികം പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ചെന്ന’ കുറ്റംചുമത്തി 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പതോളം രാജ്യങ്ങളിലായി നൂറിലധികം പേർ ജീവനൊടുക്കാന്‍ ഇയാൾ കാരണമായെന്നാണ് പൊലീസ് പറയുന്നത്. കാനഡിലെ ഒന്റാറിയോ സ്വദേശിയും ഷെഫുമായ കെന്നത് ലോയ്‌ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഇയാള്‍ മാരകവിഷവസ്തുക്കള്‍ വിറ്റിരുന്നുവെന്ന് പൊലീസ് പറയുന്നു. 2020 മുതലാണ് ഇയാള്‍ വിഷം വിറ്റുവന്നിരുന്നത്. 40ലധികം രാജ്യങ്ങളിലേക്ക് ഇവയെത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. വിവിധ രാജ്യങ്ങളിലായി 1200 പാക്കേജുകളാണ് ഇയാള്‍ അയച്ചത്. അതില്‍ 160 പാക്കേജുകളും കാനഡയില്‍ തന്നെയായിരുന്നു വിറ്റഴിച്ചത്.
യുകെയില്‍ 272 പേരാണ് കെന്നത്തില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. അതില്‍ 88 പേര്‍ മരിച്ചതായി യു.കെ നാഷണല്‍ ക്രൈം ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലായി നൂറിലധികം പേരെ ജീവനൊടുക്കാന്‍ കെന്നത്ത് സഹായിച്ചുവെന്നാണ് അന്വേഷണ എജന്‍സികള്‍ ആരോപിക്കുന്നത്. കാനഡ കൂടാതെ അമേരിക്ക, ഇറ്റലി ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും കെന്നത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുണ്ട്.
എന്നാൽ കേസില്‍ താന്‍ നിരപരാധിയാണെന്ന് കെന്നത്ത് ലോ പറയുന്നു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഇയാള്‍ തള്ളി. തന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ആളുകള്‍ ചെയ്യുന്ന കാര്യത്തിന് താന്‍ ഉത്തരവാദിയല്ല എന്നാണ് ഇയാളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.