മഞ്ചേരി: കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ സഹായിച്ചത് പൊലീസിെൻറ പഴുതടച്ച അന്വേഷണം. ഒരു ദൃക്സാക്ഷി പോലുമില്ലാതിരുന്നിട്ടും പരമാവധി ശിക്ഷ വാങ്ങി നൽകാൻ സാധിച്ചു. സൈബർ സെല്ലിെൻറയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പൊലീസിെൻറ കാര്യക്ഷമതയാണ് പരമാവധി ശിക്ഷ ലഭിക്കാൻ കാരണമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു പറഞ്ഞു. മൊബൈൽ ഫോൺ രേഖകൾ, സ്ഥലത്തുനിന്ന് പകർത്തിയ ചിത്രങ്ങൾ, സാക്ഷി മൊഴികൾ എന്നിവ പ്രതിക്കെതിരായ തെളിവുകളായി. കൊലപാതകം നടന്ന ദിവസം ഇരുദിശകളിലായാണ് ഉമ്മുസൽമയുടെയും മകെൻറയും മൃതദേഹം കിടന്നിരുന്നത്. പൊലീസ് എടുത്ത ചിത്രത്തിൽ മകെൻറ കാലുകൾ ഉമ്മുസൽമയുടെ മുഖത്തായിരുന്നു. ഈ ചിത്രമാണ് കൊലപാതകമാണെന്ന് തെളിയിക്കാൻ സഹായിച്ചത്.
കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തിരുന്നു. കൃത്യം നടക്കുന്നതിന് തലേ ദിവസം പ്രതിയെ ഉമ്മുസൽമയുടെ വീട്ടിൽ കണ്ടതായി സമീപത്തെ ആശ വർക്കർ മൊഴി നൽകിയിരുന്നു. കൃതൃം നടത്തിയ ശേഷം വീട് പൂട്ടി താക്കോൽ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
ഇത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതും ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈ ഞരമ്പുകൾ മുറിക്കുകയായിരുന്നെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിയിക്കാനായതും നിർണായകമായി. കൽപകഞ്ചേരി എസ്.ഐ കെ.ആർ. രഞ്ജിത്ത്, കാടാമ്പുഴ സ്റ്റേഷനിലെ എ.എസ്.ഐമാരായ ഇഖ്ബാൽ, സുരേഷ്, ശശി, സിവിൽ പൊലീസ് ഓഫിസർമാരായ സി. സുജിത്ത്, ജയകൃഷ്ണൻ, അബ്ദുൽ അസീസ്, ജയപ്രകാശ്, സുനിൽ ദേവ്, ജംഷാദ്, കൈലാസ്, അബ്ദുൾ ഗഫൂർ, ആര്യശ്രീ, വീണ വാരിയത്ത്, ശ്രീജ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
പ്രതി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു
മഞ്ചേരി: കൊലപാതക കേസിൽ വിധി പറയാനിരിക്കെ പ്രതി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച വെട്ടിച്ചിറ പുന്നത്തല സ്വദേശി ചാലിയത്തൊടി മുഹമ്മദ് ഷരീഫാണ് (42) പാലക്കാട് മലമ്പുഴയിലെ ജില്ല ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
ബുധനാഴ്ച പുലർച്ചയാണ് സംഭവം. അടുക്കളയിൽ ഉപകരണം ഉപയോഗിച്ച് ഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. മനോരോഗ വിദഗ്ധനെ കാണിച്ച ശേഷം ഉച്ചയോടെ മഞ്ചേരിയിലെ കോടതിയിലെത്തിച്ചു. ഇതുകാരണം രാവിലെ വിധി പറയാനിരുന്ന കേസിൽ ഉച്ചക്കു ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
നേരത്തേ കസ്റ്റഡിയിലായിരിക്കെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ പാർപ്പിച്ചിരുന്ന ജയിലിലെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജയിലിൽ പൊതുവെ ശാന്ത സ്വഭാവക്കാരനായി തോന്നിയതിനാൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നാണ് വിവരം.
വിധിയിൽ സന്തോഷം- ഉമ്മുസൽമയുടെ ബന്ധു
മഞ്ചേരി: ഉമ്മുസൽമയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷരീഫിന് ഇരട്ട ജീവപര്യന്തം തടവും പിഴയും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബന്ധു കൊളമ്പൻ അഷ്റഫ് 'മാധ്യമ'ത്തോട് പറഞ്ഞു. വിധി കേൾക്കാൻ രാവിലെത്തന്നെ കോടതിയിൽ എത്തിയിരുന്നു. വിധി കേട്ടപ്പോൾ നീതിന്യായ വ്യവസ്ഥയോട് ബഹുമാനം തോന്നി.
ജീവപര്യന്തം തടവാണ് പ്രതീക്ഷിച്ചത്. പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ സഹകരണമാണ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ ലഭിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മുസൽമയുടെ സഹോദരീ ഭർത്താവായ അഷ്റഫ് രണ്ടാം സാക്ഷി കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.