നെന്മാറ: ടൗണിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അയിനംപാടം പുത്തൻപുരയിൽ വസന്തയുടെ (50) വീട്ടിൽ നിന്നാണ് പകൽ സമയത്ത് പത്തുപവന്റെ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമടക്കം നാലു ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കൾ കവർന്നത്. പകൽ സമയത്ത് വീട്ടിലെ താമസക്കാരായ വസന്തയും മകൾ രേഷ്മയും (24) ജോലിക്കുപോയി വൈകീട്ട് ഏഴോടെ മടങ്ങിയെത്തിയപ്പോൾ പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ ലൈറ്റിട്ടതു കണ്ട് വീടിനു ചുറ്റും നടന്ന് നോക്കുകയായിരുന്നു. പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഉടൻ തന്നെ നെന്മാറ പൊലീസിൽ വിവരമറിയിച്ചു. നെന്മാറ സി.ഐ ദീപ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു.
വീടിന്റെ മേൽക്കൂരയിലെ ഓട് നീക്കി മോഷ്ടാക്കൾ അകത്തുകടന്ന് രണ്ട് അലമാരകൾ തകർത്ത് അവിടെ സൂക്ഷിച്ച സ്വർണവും മറ്റും മോഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബറിൽ നിശ്ചയിച്ച തന്റെ വിവാഹത്തിനായി ശേഖരിച്ച സ്വർണമാണ് മോഷണം പോയതെന്ന് രേഷ്മ പറഞ്ഞു. രേഷ്മയും അമ്മയും കഴിയുന്ന വാടകവീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ സ്വന്തം വീട് പൊളിച്ചുപണിയാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് വാടക വീട്ടിൽ കഴിയുന്നത്. മോഷണത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന് കരുതുന്നുവെന്നും ആസൂത്രണം നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടന്നെങ്കിലും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ല. പാലക്കാട്ടുനിന്ന് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.