ഈരാറ്റുപേട്ട: വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി ബസോടിച്ച ഡ്രൈവർക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ആർ.ടി.ഒ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയദീപിനെതിരെ കേസെടുത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് 5.33 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
12000ത്തോളം രൂപ ദിവസം കലക്ഷനുണ്ടായിരുന്ന ബസാണ് വെള്ളത്തിൽ പോയത്. വാഹനം നിന്നതോടെ എൻജിനുള്ളിൽ വെള്ളം കയറി കേടായി. ഇത് നന്നാക്കിയെടുക്കാൻ 3.5 ലക്ഷത്തോളം ചെലവ് വരുമെന്നാണ് വർക്ഷോപ് വിഭാഗം നൽകിയ റിപ്പോർട്ട്. 15 ദിവസത്തെ കലക്ഷനും കൂടി പരിഗണിച്ച് നഷ്ടപരിഹാരം ഈടാക്കിയേക്കും.
ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം മുങ്ങിയത്. തുടർന്ന് യാത്രക്കാരെ നാട്ടുകാർ പുറത്ത് എത്തിക്കുകയായിരുന്നു.
സംഭവം വിവാദമായത്തിന് പിന്നാലെ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ജയദീപിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ജയദീപ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറിനെ സോഷ്യൽ മീഡിയ വഴി പരിഹസിക്കുകയും ചെയ്തു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.