ബംഗളൂരു: കർണാടകയിൽ റായ്ച്ചൂരിലെ ആശ്രമത്തിൽ മൂന്നാം ക്ലാസുകാരന് ക്രൂര മർദനം. പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്‍റെ മേൽനോട്ടം വഹിക്കുന്ന വേണുഗോപാലും സഹായികളും ചേർന്ന് ക്രൂരമായി മർദിക്കുകയും പൂട്ടിയിടുകയും ചെയ്തത്.
കുട്ടിയെ വിറകും ബാറ്റുമുൾപ്പെടെ ഉപയോഗിച്ച് മർദിക്കുകയും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടതായും മാതാപിതാക്കൾ മൊഴി നൽകി. 'ഒരു അധ്യാപകനും മറ്റ് രണ്ട് പേരും എന്നെ അടിച്ചു. ആദ്യം വിറക് കൊണ്ട് അടിക്കുകയും അത് ഒടിഞ്ഞപ്പോൾ ബാറ്റ് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ശരീരത്തിൽ മുറിവുണ്ടാക്കി റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കാൻ എന്നെ യഗ്ദീറിലേക്ക് കൊണ്ടുപോയി. പക്ഷേ എനിക്ക് പണമൊന്നും ലഭിച്ചില്ല'-തരുൺ പറഞ്ഞു. പേന മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ മർദിച്ചെന്ന് കുടുംബം പറയുന്നു. ആക്രമണത്തിൽ കുട്ടിക്ക് ഒന്നിലധികം പരിക്കുകൾ ഏറ്റിട്ടുണ്ട്. കണ്ണുകൾ പൂർണ്ണമായും വീർത്ത നിലയിലായിരുന്നു. കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് കുട്ടിയെ ആശ്രമത്തിലാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. തരുൺ പേന മോഷ്ടിച്ചെന്ന് സഹപാഠികൾ ആരോപിക്കുകയും ആശ്രമം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. മകനെ കാണാനായി അമ്മ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.