പമ്പയില്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി; സ്‌പെഷല്‍ ഓഫിസർ അടക്കമുള്ളവര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പമ്പയില്‍ സ്‌പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ ബന്ദിയാക്കി മര്‍ദിച്ചതായി പരാതി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം മണിക്കൂറുകള്‍ക്കുശേഷം കണ്ടക്ടറെ ആശുപത്രിയിലാക്കി. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടർ കുളനട തുമ്പമൺ താഴം പുഴുക്കുന്നിൽ പി.എന്‍. സന്തോഷിനാണ് (49 )മർദനമേറ്റത്. പമ്പ സ്പെഷൽ ഓഫിസർ ഷിബുവിന്റെ നേതൃത്വത്തിൽ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സന്തോഷ് പൊലീസിൽ മൊഴി നല്‍കി.

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവത്തിന് തുടക്കം. പമ്പ സ്പെഷൽ സര്‍വിസിന്റെ ഭാഗമായി ചെങ്ങന്നൂർ പൂളിൽനിന്നുള്ള ബസിലാണ് സന്തോഷ് ഡ്യൂട്ടി ചെയ്തിരുന്നത്. ചെങ്ങന്നൂരിൽനിന്ന് വന്ന വാഹനം റിപ്പോര്‍ട്ട് ചെയ്യാൻ നിലക്കല്‍ ഡിപ്പോയിൽ നിര്‍ത്തി. ഇതിനിടെ ബസിലുണ്ടായിരുന്ന അന്തർസംസ്ഥാനക്കാരായ അയ്യപ്പന്മാര്‍ മൂത്രമൊഴിക്കാൻ ഇറങ്ങിപ്പോയി.

ബസ് നിലക്കലില്‍ അധികസമയം നിര്‍ത്തിയിട്ടെന്ന പേരില്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ കണ്ടക്ടറോടു തട്ടിക്കയറി. ഇതേ തുടര്‍ന്ന് ബസ് വിടാന്‍ തുനിഞ്ഞപ്പോള്‍ യാത്രക്കാര്‍ ബഹളംകൂട്ടി. ഇറങ്ങിപ്പോയവര്‍ തിരികെ വരാതെ ബസ് വിടരുതെന്നായിരുന്നു അവരുടെ ആവശ്യം. യാത്രക്കാർ ഇറങ്ങിപ്പോയതിന്റെ പേരില്‍ കണ്ടക്ടറും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറുമായി വാക്കേറ്റം നടന്നതായും പറയുന്നു.

ഇതിന് ശേഷം പമ്പയിൽ ബസ് എത്തി കണ്ടക്ടര്‍ സന്തോഷ്, വേ ബില്ലും പണവുമായി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ബിനുവിന് സമീപത്തെത്തിയെങ്കിലും അദ്ദേഹം ഇതു സ്വീകരിച്ചില്ല. സ്‌പെഷൽ ഓഫിസറെ കണ്ടിട്ടുവരാന്‍ ആവശ്യപ്പെട്ടു. സന്തോഷ് ചെല്ലുമ്പോൾ സ്‌പെഷല്‍ ഓഫിസർ ഷിബു മുറിയിലുണ്ടായിരുന്നില്ല. പിന്നീട് വന്ന ഇദ്ദേഹം സന്തോഷിനോട് തട്ടിക്കയറി. നിലക്കലിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ നൽകിയ തെറ്റായ വിവരങ്ങളാണ് ഷിബുവിന്റെ പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു.

വാക്തർക്കത്തെ തുടർന്നായിരുന്നു ക്രൂരമർദനം. ഇതിനിടെ ഷിബുവിനും പരിക്കേറ്റതായി പറയുന്നുണ്ട്. മര്‍ദനമേറ്റ് അവശനായ സന്തോഷിനെ മൂത്രമൊഴിക്കാൻപോലും അനുവദിക്കാതെ നാലംഗ സംഘം കാവൽ നില്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പമ്പ പൊലീസ് വേ ബില്ലും പണവും സ്വീകരിക്കാൻ കണ്‍ട്രോളിങ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു.

ഇന്‍സ്പെക്ടർ അതിന് തയാറാകുന്നില്ലെങ്കിൽ മഹസർ എഴുതി പൊലീസ് കൈപ്പറ്റുമെന്നും അറിയിച്ചു. ഇതോടെ പണവും വേ ബില്ലും ഇന്‍സ്പെക്ടർ കൈപ്പറ്റി. തുടര്‍ന്ന് പൊലീസ് ജീപ്പിൽ സന്തോഷിനെ പമ്പ ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മര്‍ദനത്തിൽ ഗുരുതര പരിക്കേറ്റതിനാല്‍ സന്തോഷിനെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.

കണ്ടക്ടറുടെ മൊഴി സ്വീകരിച്ച് സ്‌പെഷല്‍ ഓഫിസർ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.ശബരിമല നട തുറന്നിരിക്കുന്ന സന്ദര്‍ഭങ്ങളിൽ പമ്പ സ്‌പെഷൽ ഓഫിസറായി വരുന്ന ഷിബുവിനെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ നേരത്തേയും പരാതിയുള്ളതായും പറയുന്നുണ്ട്.

Tags:    
News Summary - Complaint that the conductor was beaten up in Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.