നെടുങ്കണ്ടം: നാട്ടുകാര്‍ സ്വരൂപിച്ചുനല്‍കിയ പണംകൊണ്ട് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയനായ യുവാവിനെ കഞ്ചാവ് കൈവശം വെച്ചെന്ന കുറ്റത്തിന് നെടുങ്കണ്ടം പൊലീസ് പിടികൂടി കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് പരാതി. മൈനര്‍ സിറ്റി അനൂപ് ആര്. നായരാണ് (26) മര്‍ദനത്തിനിരയായത്. കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അനൂപിനെ കഞ്ചാവ് കൈവശം വെച്ചെന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍മൂലം അനൂപ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് ഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയ കേസില്‍ സ്റ്റേഷന് ജാമ്യം നല്‍കാതെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കിയാണ് ജാമ്യം നല്‍കിയതെന്നും പരാതിയുണ്ട്. പൊലീസ് മര്‍ദനം സംബന്ധിച്ച് അനൂപിെൻറ പിതാവ് രാധാകൃഷ്ണൻ ഡി.ജി.പി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്കി. 5000 രൂപയും കാറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തെന്നും പരാതിയില്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അനൂപിെൻറ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് തലയോട്ടിയുടെ ഒരുഭാഗം മൂന്ന് മാസത്തോളം ഫ്രീസറില്‍ സൂക്ഷിച്ചശേഷമാണ് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടന്നത്. ഇതേതുടര്‍ന്ന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനിടെയാണ് പൊലീസ് മർദനം.
എന്നാല്‍, മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നെടുങ്കണ്ടം പൊലീസിെൻറ വിശദീകരണം. അനൂപ് മുമ്പും കഞ്ചാവുകേസില്‍ പ്രതിയാണെന്നും കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കാറില്‍നിന്ന് കഞ്ചാവുമായി പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വഴി പരിശോധനക്ക് നല്‍കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.