മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ട് സി.പി.എം പ്രാദേശിക നേതാവ്; പൊലീസെത്തി കീഴടക്കി

കോന്നി: കാർ പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് യാത്രികരായ അമ്മയെയും മകനെയും മദ്യലഹരിയിൽ മർദിച്ച സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. സി.പി.എം ഇടത്തറ ബ്രാഞ്ച്​ സെക്രട്ടറി കൊട്ടന്തറ രാജീവ്, ഒപ്പം ഉണ്ടായിരുന്ന സബി, അലൻ സാബു എന്നിവരാണ്​ അറസ്റ്റിലായത്​.

ഞായറാഴ്ച ഉച്ചക്ക്​ കലഞ്ഞൂർ ഉദയ ജങ്ഷനിലായിരുന്നു സംഭവം. വിദേശത്ത്​ നിന്നെത്തിയ മകൻ അനുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു കൂടൽ മുറിഞ്ഞകൽ മിനി ജോർജ്. ഉദയ ജങ്ഷനിൽ ഇവരും സി.പി.എം നേതാക്കളും തമ്മിൽ കാർപാർക്കിങിനെ ചൊല്ലി തർക്കമായി. ഇതിനിടെ രാജീവും സംഘവും മിനി, മകൻ, മകന്‍റെ സുഹൃത്തുക്കളായ ശ്രീനാഥ്, അരുൺ എന്നിവരെ മർദിച്ചു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ ​സ്ഥലത്തെത്തിയ കൂടൽ സ്റ്റേഷനിലെ പൊലീസ് ഓഫിസർമാരായ ഫിറോസ്, അരുൺ എന്നിവർ രാജീവിനെയും സംഘത്തെയും തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാർക്കും മർദനമേറ്റത്. മുഖത്തും കൈക്കും പരിക്കേറ്റു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് സംഘത്തെ കീഴടക്കിയത്.

പൊലീസുകാരെ ആക്രമിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. അമ്മയുടെയും മകന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അറസ്റ്റ്​ രേഖപ്പെടുത്തിയ ശേഷം  മൂന്നംഗം സംഘത്തെ വൈദ്യപരിശോധനക്ക്​ വിധേയമാക്കി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മുമ്പ്​ കൂടൽ പൊലീസിന്‍റെ ഗുണ്ട പട്ടികയിൽ ഉൾപ്പെട്ടയാളാണ് കൊട്ടന്തറ രാജീവ്.  

Tags:    
News Summary - CPM local leader unleashed violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.