ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ തുടരന്വേഷണ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ. ദിലീപും കാവ്യയും താമസിക്കുന്ന ആലുവ കൊട്ടാരക്കടവിലെ പത്മസരോവരം വീട്ടിൽ തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു.
എസ്.പി മോഹനചന്ദ്രൻ, ഡിവൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും അവരോടൊപ്പമുണ്ടായിരുന്നു. മുൻകൂറായി നോട്ടീസ് നൽകിയ ശേഷമാണ് കാവ്യയുടെ മൊഴിയെടുക്കാനെത്തിയത്. അതിജീവിതയായ നടിയും കാവ്യയും തമ്മിലെ വിരോധമാണ് കേസിനു വഴിയൊരുക്കിയതെന്ന് ദിലീപിന്റെ സഹോദരി ഭർത്താവ് പറയുന്ന ശബ്ദസന്ദേശത്തെ തുടർന്നാണ് കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ പ്രതിയായ ദിലീപിനൊപ്പം കാവ്യക്കും പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രൊജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് അറിയുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. പത്മസരോവരം വീട്ടിൽവെച്ച് ചോദ്യംചെയ്യലാകാമെന്നാണ് കാവ്യ മറുപടി നൽകിയത്. എന്നാൽ, വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യനിലപാട്. ഇതിനിടെ തുടരന്വേഷണം മേയ് 30നകം അവസാനിപ്പിക്കണമെന്ന് ഹൈകോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാവ്യയുടെ സൗകര്യം പരിഗണിച്ച് വീട്ടിൽതന്നെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
നടിയെ പീഡിപ്പിച്ച കേസിന് മുമ്പ് അതിജീവിത, ദിലീപ്, നടി മഞ്ജു വാര്യർ എന്നിവർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അതിൽനിന്ന് ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നതായാണ് അറിയുന്നത്. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചാണ് സുനി അവിടെ പോയത്. എന്നാൽ, വിസ്താരഘട്ടത്തിൽ സാക്ഷിയായ സാഗർ ഇക്കാര്യത്തിൽ മൊഴി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.