കൊടുമൺ: അയൽവാസിയായ യുവതിയെ തീകൊളുത്താൻ കാരണം ആടുകളുടെ കരച്ചിൽ അലോസരപ്പെടുത്തിയതിന്റെ വിരോധമെന്ന് അറസ്റ്റിലായ പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. വീട്ടിൽ വളർത്തുന്ന ആടുകളുടെ ഒച്ച അലോസരപ്പെടുത്തിയപ്പോൾ പ്രകോപിതനായി അസഭ്യം വിളിച്ചതിനെ തുടർന്ന് തിരിച്ചു ചീത്ത വിളിച്ച യുവതിയെയാണ് അയൽവാസി തീ കൊളുത്തിയത്. കഴിഞ്ഞദിവസം ഉച്ചക്ക് നടന്ന സംഭവത്തിൽ കൊടുമൺ എരുത്വക്കുന്ന് സദാശിവ വിലാസം ഗോപാലകൃഷ്ണന്റെ മകൾ ലതക്കാണ് (40) മുഖത്തും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കൊടുമൺ കിഴക്ക് രണ്ടാംകുറ്റി മഠത്തിൽ വീട്ടിൽ ഷിബുവിനെ (40) കൊടുമൺ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആടുകളുടെ കരച്ചിൽ കേട്ടപ്പോൾ പ്രകോപിതനായ ഇയാൾ ചീത്ത വിളിച്ചപ്പോൾ ലതയും എതിർത്തു. തുടർന്ന് വീട്ടിൽനിന്ന് വിളിച്ചിറക്കി മുറ്റത്തുവെച്ച് ഇയാളുടെ കൈയിൽ കരുതിയ ദ്രാവകം യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദ്ധരും ഫോട്ടോഗ്രാഫിക് യൂനിറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
കൊടുമൺ പൊലീസ് സ്റ്റേഷനിൽ 2018 മുതൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഷിബു. മേയിൽ ഇയാളെ കാപ്പ നിയമപ്രകാരം ജില്ലയിൽ കടക്കുന്നതിൽ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.