മനാമ: സമൂഹമാധ്യമങ്ങളിലും ഇലക്ട്രോണിക് ഗെയിംസ് ആപ്പുകളിലും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കുട്ടികളെ വഴിതെറ്റിക്കുന്ന നിരവധി ആപ്പുകളും ഗെയിമുകളും ഇന്റർനെറ്റിൽ വ്യാപകമായ പശ്ചാത്തലത്തിലാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ആൻറി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലെ ചൈൽഡ് സൈബർ പ്രൊട്ടക്ഷൻ യൂനിറ്റ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
ആപ്പുകളും ഗെയിമുകളും ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ രക്ഷിതാക്കൾ ബോധവത്കരിക്കണം. കുട്ടികൾ എന്താണ് കാണുന്നതെന്ന കാര്യത്തിൽ ശ്രദ്ധയുണ്ടാകണം. സൈബർ സ്പേസ് വഴി ഏതെങ്കിലും ഭീഷണി നേരിടുകയാണെങ്കിൽ സധൈര്യം അതിനെ നേരിടാനും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും കുട്ടികൾക്കാവണം.
കുട്ടികളുടെ സ്വകാര്യ ഫോട്ടോയും വിഡിയോയും കൈവശപ്പെടുത്തിയശേഷം ബ്ലാക്ക് മെയിലിങ്ങിനുവിധേയമാക്കുന്നതായി കണ്ടുവരുന്നുണ്ട്. വ്യാജ പേരിലാണ് ഇത്തരക്കാർ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. വ്യാജ ഫോട്ടോയും വ്യാജ പ്രൊഫൈലും അവർ ഇതിനായി ഉപയോഗിക്കുന്നു. സൈബർ ലോകത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ചാറ്റുകളിലൂടെ അവർ കുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റും.
അതിനുശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടും. അത് കൈക്കലാക്കിയശേഷം അത് ഇൻറർനെറ്റിൽ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയാണ് ചെയ്യാറ്. പരസ്യപ്പെടുത്താതിരിക്കാൻ പണവും മറ്റും ആവശ്യപ്പെടും. കുട്ടികൾ പേടിച്ച് അവരുടെ താൽപര്യത്തിന് വഴങ്ങേണ്ടിവരും. എന്നാൽ, കുട്ടികൾ ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് ബോധമുള്ളവരാണെങ്കിൽ ഇരയാക്കപ്പെടുന്നത് ഒഴിവാക്കാൻ കഴിയും.
രാജ്യത്തിനുപുറത്തുനിന്നുള്ള അജ്ഞാതർ വ്യാജ പേരുകളും അക്കൗണ്ടുകളും ഉപയോഗിച്ച് ഇത്തരം തട്ടിപ്പുനടത്തുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചതായി ചൈൽഡ് സൈബർ പ്രൊട്ടക്ഷൻ യൂനിറ്റ് ചൂണ്ടിക്കാട്ടി. മുൻ സംഭാഷണങ്ങളോ കുട്ടിയുടെ അക്കൗണ്ടിൽനിന്ന് ലഭിച്ച സ്വകാര്യ ഫോട്ടോകളോ ആപ്ലിക്കേഷനിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുക എന്നതാണ് അവർ ഉപയോഗിക്കുന്ന രീതി.
ഇത്തരം ഭീഷണി വരുമ്പോൾ ഭയപ്പെടാതെ രക്ഷിതാക്കളെ അറിയിക്കാനുള്ള വിവേകം കുട്ടികൾക്കുണ്ടാകണം. രക്ഷിതാക്കളോട് തുറന്നു സംസാരിക്കാൻ കുട്ടികൾക്ക് കഴിയുന്ന അന്തരീക്ഷം കുടുംബത്തിലുണ്ടാകണം. കുട്ടികൾ എന്തു കാണുന്നുവെന്നും ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കുന്നു എന്നും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കിൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. ഇൻറർനെറ്റ് ശരിയായി ഉപയോഗിക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്. സ്കൂൾ അധികൃതർക്കും അധ്യാപകർക്കും ഇതിൽ വലിയ പങ്കുവഹിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.