ബേപ്പൂർ: മാരക ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മലപ്പുറം പൂക്കോട്ടും പാടത്ത് നിന്ന് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുപാടം അമരമ്പലം പള്ളിപ്പടി കുന്നത്തഴിയിൽ കെ. സയ്യിദ് അക്കീബാണ് (25) അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജൂലൈ മൂന്നിന് ബേപ്പൂർ വായനശാലക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന വീട്ടിൽനിന്ന് 47.83 ഗ്രാം എം.ഡി.എം.എയുമായി ബേപ്പൂർ ഭഗവതിക്കാവ് പറമ്പിൽ പടന്നയിൽ റാസിയെ (29) ബേപ്പൂർ പൊലീസ് പിടികൂടിയിരുന്നു.
വിശദമായ ചോദ്യംചെയ്യലിൽ ബംഗളൂരുവിൽനിന്നാണ് മാരക ലഹരിമരുന്ന് കൊണ്ടുവരുന്നതെന്ന് റാസി വെളിപ്പെടുത്തി. ബംഗളൂരുവിലെ ഉറവിടം അന്വേഷിച്ചപ്പോൾ, ബംഗളൂരുവിലെ മടിവാളയിൽ താൻ നിൽക്കുന്ന റൂമിലേക്ക് മലപ്പുറം ജില്ലക്കാരായ പൂക്കോട്ടുംപാടം സ്വദേശി സയ്യിദ് അക്കീബും കാളികാവ് സ്വദേശി ഷക്കീൽ എന്നിവരും ചേർന്നാണ് എം.ഡി.എം.എ മൊത്തവിലയിൽ എത്തിച്ചു നൽകുന്നതെന്നും മൊഴിനൽകി.
ബേപ്പൂർ എസ്.ഐ കെ. ശുഹൈബിന്റെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം പൊലീസിന്റെ സഹകരണത്തോടെ നടത്തിയ തിരച്ചിലാണ് സയ്യിദ് അക്കീബിനെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ്, ചില്ലറവിൽപനക്ക് ഉപയോഗിക്കുന്ന കവറുകൾ, രാസലഹരിക്കായി ഉപയോഗിക്കുന്ന ഏതാനും ഗുളികകളും പിടിച്ചെടുത്തു. കേസിൽ പിടികൂടാനുള്ള മറ്റൊരു പ്രതി ഷക്കീൽ അറസ്റ്റ് ഭയന്ന് ഇതിനകം വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.
ഇപ്പോൾ അറസ്റ്റിലായ അക്കീബും വിദേശത്ത് ഒഴിവിൽ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബേപ്പൂർ സബ് ഇൻസ്പെക്ടർ കെ. ശുഹൈബിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പൂക്കോട്ടുംപാടം വസതിയിൽ വെച്ച് പിടികൂടിയത്. സയ്യിദ് അക്കീബ് ബംഗളൂരിലെ നൈജീരിയക്കാരൻ വഴി കേരളത്തിലേക്ക് മാരക ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.