പേരാമ്പ്ര : വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു(26)വിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി കസ്റ്റഡിയിൽ ഉണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോകാൻ അസുഖ ബാധിതനായ ഭർത്താവും ബന്ധുക്കളും വരുമ്പോൾ ആ വാഹനത്തിൽ മുളിയങ്ങലിൽ നിന്നും കയറുമെന്നായിരുന്നു അനു പറഞ്ഞിരുന്നത്.
ഇതനുസരിച്ച് രാവിലെ 8. 30 തോടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരുന്ന വഴിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെ യുവതിയുടെ മൃതദ്ദേഹം ചൊവ്വാഴ്ച അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തി.
ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തലയിലും ദേഹത്തും ചെറിയ മുറിവുകളും ഉണ്ടായിരുന്നു. യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങളൊന്നും മൃതദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് മോതിരം, മാല, പാദസരം എന്നിവയാണ് നഷ്ടമായത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികൻ്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്. സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം യുവതിയെ തോട്ടിൽ മുക്കി കൊന്നതാണെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.