പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിനുശേഷം അറസ്റ്റിൽ

ചേർപ്പ്: പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിനുശേഷം പിടിയിലായി. ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ് (43) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റുചെയ്തത്.

തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരമുള്ള സ്പെഷൽ കോമ്പിങ്ങിനിടെയാണ് പ്രതി പിടിയിലായത്. 2004 ഒക്ടോബറിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വീടെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് പെൺവാണിഭം നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഈ കേസിൽ പിടിയിലായശേഷം മുങ്ങിയ ഇയാൾ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.

പലവട്ടം കോടതി ഇയാൾക്കെതിരെ സമൻസ് പുറപ്പെടുവിച്ചെങ്കിലും ഹാജരായിരുന്നില്ല. ശനിയാഴ്ച രാത്രി ചേർപ്പ് ഇൻസ്പെക്ടറും സംഘവും ആലുവ കുന്നുകരയിലെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ടൗണിൽനിന്ന് ദൂരെയായുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുന്നംകുളം, ഒല്ലൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മണ്ണുത്തി സ്റ്റേഷനിൽ കവർച്ച കേസിലും പ്രതിയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രബേഷൻ എസ്.ഐ അരുൺ, എ.എസ്.ഐ പി. ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, ഇ.എച്ച്. ആരിഫ്, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവൽ, ഷാനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Defendant arrested after 20 years in trafficking case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.